police

ഓരോന്നിനും അരലക്ഷം വില

തിരുവനന്തപുരം : നിയമ ലംഘനങ്ങൾ കണ്ടെത്തി പകർത്താനായി, ഒന്നരക്കോടി ചെലവിട്ട് വാങ്ങിയ, പൊലീസിന്റെ ശരീരത്തിൽ ഘടിപ്പിക്കുന്ന 310 കാമറകൾ കൂട്ടത്തോടെ നശിച്ചു. ഓരോ കാമറയ്ക്കും അരലക്ഷം വിലവരും. 2018ൽ വാങ്ങിയ കാമറകൾ പലതും മാസങ്ങൾക്കകം കേടായി. മൂന്നു വർഷം വാറന്റിയും 3 വർഷത്തേക്കു വാർഷിക അ​റ്റകു​റ്റപ്പണിയും നടത്താമെന്നായിരുന്നു കരാർ.

ക്രമസമാധാന പ്രശ്നങ്ങളും ഗതാഗത നിയമലംഘനങ്ങളും തൽസമയം റെക്കാഡ് ചെയ്യാനും പുഷ് ടു ടോക്ക് സംവിധാനം വഴി സംഭവസ്ഥലത്തെ ദൃശ്യങ്ങളും ഫോട്ടോയും ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറാനും നിർദേശങ്ങൾ സ്വീകരിക്കാനും സൗകര്യമുണ്ടായിരുന്നു. കൺട്രോൾ റൂമിലെ സെർവറിലാണ് ദൃശ്യങ്ങൾ സൂക്ഷിച്ചത്. ഉപയോഗിച്ച് മാസങ്ങൾക്കകം കാമറ ചൂടുപിടിച്ച് തകരാറിലാവുകയായിരുന്നു. ശരിയാക്കാൻ ആരും മിനക്കെട്ടതുമില്ല.