തിരുവനന്തപുരം:കേരളം ഇന്നു കാണുന്ന പ്രത്യേകതകൾ കൈവരിച്ചത് വാഗ്ഭടാനന്ദഗുരുവിനെപ്പോലുള്ള മഹത്തുക്കളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ. ജയകുമാർ രചനയും സംവിധാനവും നിർവഹിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമ്മിച്ച 'വാഗ്ഭടാനന്ദഗുരുദേവൻ നവോത്ഥാനത്തിന്റെ അരുണോദയകാഹളം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനവും ഡി.വി.ഡി പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാഗ്ഭടാനന്ദ ഗുരുവിന്റെ ദീർഘവീക്ഷണത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ അനുയായികൾ സ്ഥാപിച്ചതും ഇന്നു ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നതുമായ ഊരാളുങ്കൽ സൊസൈറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ ഡി.വി.ഡി ഏറ്റുവാങ്ങി. സംവിധായകനായ കെ. ജയകുമാറിനെ യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി ഉപഹാരം നല്കി ആദരിച്ചു. തുടർന്ന് ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു.