പാറശാല: നിർമ്മൽ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി നിർമ്മലന്റെ പളുകലിലുള്ള ഓഫീസും തൊട്ടടുത്തുള്ള വീടും ലേലം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. തട്ടിപ്പ് നടന്ന നാല് വർഷങ്ങൾക്കിപ്പുറമാണ് നടപടി.
കഴിഞ്ഞമാസം 12ന് മധുരയിൽ നടന്ന ലേലത്തിൽ നിർമ്മലന്റെ ചെറിയകൊല്ലയിലെ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ 18.7 കോടിക്ക് വിറ്റുപോയിരുന്നു. എന്നാൽ നിർമ്മലന്റെ ബിനാമികളുടെ ഇടപെടൽ കാരണം ലേലത്തുക ഒടുക്കാതെ നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതായാണ് നിക്ഷേപകരുടെ സമരസമിതി ആരോപിക്കുന്നത്.
നിർമ്മലന്റെയും ബിനാമികളുടെയും പേരിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് കേരളത്തിലും തമിഴ്നാട്ടിലുമായുള്ളത്. എന്നാൽ ഇവയിൽ പലതും നിയമത്തിന്റെ കണ്ണിൽപ്പെടാതെ ബിനാമികളെ ഉപയോഗിച്ച് കൈമാറ്റം ചെയ്തതായി ആരോപണണുണ്ട്. തട്ടിപ്പുകേസ് കൈകാര്യം ചെയ്യുന്ന തമിഴ്‌നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പിടിച്ചെടുത്തിട്ടുള്ള വസ്തുവകകളിൽ പലതിലും ഇനിയും ലേല നടപടികൾ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് തട്ടിപ്പ് നടന്ന ഓഫീസും പ്രതിയുടെ വീടും ലേലം ചെയ്യുന്നത്.