photo

പാലോട്: ട്യൂഷൻ കഴിഞ്ഞെത്തിയ പ്ളസ് വണ വിദ്യാർത്ഥിയായ മകളോടൊപ്പം വീട്ടിലേക്ക് നടന്നുവരികയായിരുന്ന ആദിവാസി യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പാലോട് ഫോറസ്റ്റ് റേഞ്ചിലെ ആദിവാസി ഊരായ വെങ്കിട്ടമൂട് ആദിച്ചൻകോണിൽ വയലരികുവീട്ടിൽ ഈച്ചുട്ടിക്കാണ് (42) പരിക്കേറ്റത്. മകൾ ഇന്ദ്രജ (17) ഓടിമാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറോടെ ആദിച്ചൻകോൺ വനഭാഗത്തായിരുന്നു സംഭവം. നെഞ്ചിനും വയറിനും സാരമായി പരിക്കേറ്റ ഈച്ചൂട്ടി കാണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു പരേതനായ മൂപ്പൻ ആദിച്ചൻകാണിയുടെ മകനും ഇടിഞ്ഞാറിലെ ചുമട്ടുതൊഴിലാളിയുമാണ് ഈച്ചുട്ടി. മഴയത്ത് അഞ്ചോളം കൈത്തോടുകൾ താണ്ടി കാട്ടുപാത പിന്നിട്ടാണ് ഇവർക്ക് വീട്ടിലെത്തേണ്ടിയിരുന്നത്. ഇതിനിടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം.

വെങ്കിട്ട ആദിവാസി ഊരിലേയ്ക്ക് ഗതാഗത യോഗ്യമായ റോഡ് നിർമ്മിക്കണമെന്ന ആവശ്യം അധികൃതർ ചെവിക്കൊള്ളാത്തതിനാൽ കാട്ടുപാതയിൽ വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം പെരുകുകയാണെന്ന് ആദിവാസികളും നാട്ടുകാരും പറഞ്ഞു. ഈച്ചുട്ടി കാണിക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് സി.ഐ.ടി.യു ഇടിഞ്ഞാർ യൂണിറ്റ് ആവശ്യപ്പെട്ടു.