തിരുവനന്തപുരം: കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാത്ത വലിയതുറ എസ്.എച്ച്.ഒയ്‌ക്ക് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. നവംബർ 11ന് എസ്.എച്ച്.ഒ ഹാജരായി വിശദീകരണം നൽകാനാണ് തിരുവനന്തപുരം അഡി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് വിവിജ രവീന്ദ്രൻ ഉത്തരവിട്ടത്. കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നടപ്പാക്കുകയോ അറസ്റ്റ് ചെയ്യാനാവാത്തതിന്റെ കാര്യകാരണ റിപ്പോർട്ടു സഹിതം വാറണ്ട് മടക്കുകയോ ചെയ്യാത്തതിനാലാണ് കോടതി നടപടി.
ഒളിവിൽ കഴിയുന്ന സരിതയുടെ മാതാവിനും പവർ കമ്പനി മാനേജർക്കുമെതിരെ ജപ്തി വാറണ്ട് നടപടി ക്രമങ്ങൾ ആരംഭിച്ചു. കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും കാറ്റാടിയന്ത്രം ഘടിപ്പിച്ച് ഉത്പാദിപ്പിച്ച വൈദ്യുതി ഉപയോഗിച്ച് ബോട്ട് പ്രവർത്തിപ്പിച്ചതായി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.