കൂടുതൽ തവണ മൂത്രം പോകുക, പെട്ടെന്ന് മൂത്രം പോവുക, നിയന്ത്രിക്കാൻ കഴിയാതെ മൂത്രം പോവുക തുടങ്ങിയവയാണ് ഓവർ ആക്‌ടീവ് ബ്ളാഡറിന്റെ ലക്ഷണങ്ങൾ. മുതിർന്ന 15 ശതമാനം ആൾക്കാരിലും ഈ അസുഖം കാണുന്നുണ്ട്. രോഗികളിൽ പലരും ചികിത്സ മുടക്കുന്നുണ്ട്. അസുഖം നിയന്ത്രിക്കുന്നതിൽ മരുന്നുകൾ ഫലപ്രദമാകാത്തതും മരുന്നുകളുടെ പാർശ്വഫലങ്ങളുമാണ് ഇതിന് കാരണം. ഇപ്പോഴും ഈ അസുഖത്തിന് കൃത്യമായ ചികിത്സ കിട്ടുന്നില്ല. മരുന്ന് കൊണ്ട് ഫലപ്രാപ്‌തിയില്ലെങ്കിൽ കാലുകളിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന പി.ടി.എൻ.എസ് ചികിത്സ, മൂത്രസഞ്ചിയിൽ ബോട്ടോക്‌സ് ഇഞ്ചക്‌ഷൻ, നട്ടെല്ലിന്റെ കീഴ്‌ഭാഗത്തുള്ള നാഡികളെ ഉത്തേജിപ്പിക്കുന്ന എസ്.എൻ.എസ് മുതലായ ആധുനിക ചികിത്സാമാർഗങ്ങളുണ്ട്.
സ്ഥിതി വിവരക്കണക്കുകൾ കാണിക്കുന്നത്, ഇത്തരത്തിലുള്ള രോഗികളിൽ ഒരു ശതമാനം പേർ മാത്രമേ മേൽപ്പറഞ്ഞചികിത്സാ മാർഗങ്ങൾ തേടുന്നുള്ളൂ എന്നതാണ്. ഈ ചികിത്സാ മാർഗങ്ങളെപ്പറ്റിയുള്ള രോഗികളുടെ അജ്ഞത ഇതിന്റെ പ്രധാന കാരണമാണ്.
രോഗികളെ ആദ്യമായി കാണുന്ന ജനറൽ പ്രാക്‌ടീഷണർമാർ, ഗൈനക്കോളജിസ്റ്റുകൾ മുതലായവർ ഈ ആധുനിക ചികിത്സാരീതികളെക്കുറിച്ച് അറിയുന്നത് രോഗികളെ പറഞ്ഞ് മനസിലാക്കാനും റഫർ ചെയ്യാനും സഹായകരമാകും. ഓവർ ആക്‌ടീവ് ബ്ളാഡർ ലക്ഷണങ്ങളുമായി ഒരു രോഗി വന്നാൽ ആദ്യപടി ചികിത്സാമാർഗങ്ങളായ ജീവിതശൈലിയിലുള്ള നിയന്ത്രണങ്ങൾ, ഇടുപ്പ് എല്ലിന്റെ മാംസപേശികളുടെ വ്യായാമം, ശരീരഭാരം കുറയ്‌ക്കുക മുതലായ കാര്യങ്ങൾ അവലംബിക്കാം.
6 മുതൽ 8 ആഴ്‌ചകൾക്കുശേഷം രോഗിയുടെ പുരോഗതി വിലയിരുത്തിയശേഷം തുടർചികിത്സ നിശ്ചയിക്കാം. രോഗത്തിന് ശമനമില്ലെങ്കിൽ വിവിധങ്ങളായ മരുന്നുകൾ, ഈസ്ട്രജൻ ക്രീമുകൾ മുതലായവയാണ് അടുത്ത പടി.
രോഗത്തെക്കുറിച്ച് രോഗിയോട് പറഞ്ഞ് മനസിലാക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം. രോഗത്തെപ്പറ്റി അവബോധം ഉണ്ടാകുന്നത് ചികിത്സ നിശ്ചയിക്കാൻ സഹായിക്കും. ഇത്തരത്തിലുള്ള ഒരു അവബോധം, ഒരു ചികിത്സാരീതി പരാജയപ്പെട്ടാൽ അടുത്ത മാർഗത്തിലേയ്‌ക്ക് പോകാൻ സഹായകരമാകും.
കാലുകളിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന ചികിത്സ, മൂത്രസഞ്ചിയിൽ ബോട്ടോക്‌സ് കുത്തിവെയ്‌പ്, സാക്‌റൽ ന്യൂകോ മൊഡ്യുലേഷൻ ചികിത്സ മുതലായ രീതികൾ മരുന്നുകൾ കൊണ്ടുള്ള ചികിത്സ പരാജയപ്പെട്ട രോഗികൾക്ക് ആശ്വാസമേകും. രോഗത്താൽ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് രോഗശമനമുണ്ടാക്കാൻ ഈ ചികിത്സാമാർഗങ്ങൾ സഹായിക്കും. ഈ ചികിത്സാരീതികൾ കേരളത്തിലും ലഭ്യമാണ്.