വെഞ്ഞാറമൂട്: ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് പണികഴിപ്പിച്ച ടൊയ്‌ലെറ്റ് അടച്ചിട്ട നിലയിലായിട്ട് മാസങ്ങളായി. വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട് ഡിപ്പോയ്ക്ക് സമീപം നെല്ലനാട് പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പണികഴിപ്പിച്ച ടോയ്‌ലെറ്റാണ് അടഞ്ഞുകിടക്കുന്നത്. നൂറ് കണക്കിന് യാത്രക്കാരും, വിവിധ ആവശ്യങ്ങൾക്ക് ജംഗ്ഷനിൽ എത്തുന്നവരുമാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്. 5 ലക്ഷം രൂപ മുടക്കിയാണ് ഒരു വർഷം മുൻപ് പഞ്ചായത്ത് ഇവിടെ പൊതു ടൊയ്‌ലെറ്റ് പണി കഴിപ്പിച്ചത്. കെ.എസ്. ആർ.ടി.സി യും പഞ്ചായത്തും തമ്മിലുള്ള തർക്കങ്ങളാണ് ഇത് അടച്ചിടാൻ കാരണമെന്നാണ് ആക്ഷേപം.
15 വർഷം മുൻപ് പഞ്ചായത്ത് ആറ്റിങ്ങൽ റോഡിലെ ചിറത്തലയ്ക്കൽ ചിറയുടെ സമീപത്ത് അഞ്ച് ലക്ഷം മുടക്കി നാല് മുറികളുള്ള കംഫർട്ട് സ്റ്റേഷൻ കെട്ടിയിരുന്നു. എന്നാൽ ക്രമേണ സാമൂഹിക വിരുദ്ധരുടെ സങ്കേതമായ ഇവിടം പിന്നീട് കാടുപിടിച്ച് നശിച്ചു.
* * ശുചിത്വ കേരള മിഷന്റെ സഹായത്തോടെ നെല്ലനാട് പഞ്ചായത്ത് 20 ലക്ഷം ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് എന്ന പേരിൽ കംഫർട്ട് സറ്റേഷനും കോഫീ ഷോപ്പും നടപ്പിലാക്കാൻ പദ്ധതിയിട്ടു. ഇതിന് സ്ഥലം നൽകാൻ ആദ്യം കെ.എസ്.ആർ.ടി.സി തടസ്സം നിൽക്കുകയും തുടർന്ന് കോഫീ ഷോപ്പ് കെ.എസ്. ആർ.ടി.സി നൽകി പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
കെ.എസ്. ആർ.ടി.സിയുമായുള്ള തർക്കം, കൊവിഡ്, മഴ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് നിർമ്മാണം വൈകുന്നത്. ഉടൻ പണി പൂർത്തിയാക്കി പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കും.( ബീനാ രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ്).