1

പൂവാർ: തീരദേശത്തെ പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനമായിരുന്ന ഗോതമ്പ് റോഡാണ് മഴയിലും വെള്ളക്കെട്ടിലും പൊട്ടി തകർന്ന് ഉപയോഗശൂന്യമായിക്കിടക്കുന്നത്. തീരപ്രദേശത്തെ പൂവാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് മഴക്കാലത്ത് തോടായി മാറുന്നത്. മഴ മാറിയാലും റോഡിൽ വെള്ളക്കെട്ട് ഒഴിയാറില്ല. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം ആഴ്ചകളോളം ഇവിടെ കെട്ടിക്കിടക്കും. പുറമേ നിന്നും വരുന്നവർക്ക് ഇവിടം കുളമായേ കാണാൻ കഴിയൂ. റോഡിൽ കുണ്ടും കുഴിയും നിറഞ്ഞതിനാൽ ഇതുവഴിയുള്ള വാഹനയാത്ര പ്രദേശവാസികൾ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. വാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് വാഹനാപകടം പതിവായതും സമീപത്തെ വീടുകളിലേക്ക് മലിനജലം ഇരച്ചുകയറുന്നതുമാണ് ഇതിന് കാരണം. ഇവിടെ കാൽനട യാത്ര തീർത്തും ദുസ്സഹമാണ്. വീടുകൾക്ക് മുന്നിലെ റോഡിൽ മലിനജലം കെട്ടി നിൽക്കുന്നതിനാൽ വീടുകളിൽ നിന്നും ആൾക്കാർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാറില്ല. രാത്രികാലങ്ങളിലും പുലർച്ചെയും മത്സ്യബന്ധനത്തിന് പോകുന്നവരും തിരികെ വരുന്നവരും റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. റോഡുവക്കിലെ കടകളിൽ പലതും പകൽനേരങ്ങളിൽ പോലും തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

നടപടിമാത്രമില്ല

സർക്കാരിന്റെ സാമൂഹ്യക്ഷേമ കേന്ദ്രം, ചെറുകിട വ്യവസായ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയും അടഞ്ഞ് കിടക്കുകയാണ്. നീണ്ടനാൾ മലിനജലം റോഡിലെ കുഴികളിൽ കെട്ടി നിൽക്കുന്നതിനാൽ പകർച്ചവ്യാധി ഭീതയും പ്രദേശവാസികൾക്കുണ്ട്. തീരപ്രദേശത്ത് കരിച്ചൽ കായലിന് ഇരുവശങ്ങളിലുമുള്ള പുല്ലുവിള, അടിമലത്തുറ മത്സ്യ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗോതമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതർക്കും ജനപ്രതിനിധികൾക്കും നൽകിയ പരാതികൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

** ഓട നിർമ്മിക്കണം

റോഡ് നവീകരിച്ച് കെട്ടിക്കിടക്കുന്ന മലിനജലം കടലിലേക്ക് ഒഴുക്കിക്കളയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിൽ എല്ലായിടത്തും ഓട നിർമ്മിക്കാനുമാകില്ല. എന്നാൽ നിലവിലെ റോഡിന്റെ സൈഡിൽ ഓട മാത്രം നിർമ്മിച്ച് പോകുന്ന സ്ഥിതിയാണ് വരാൻ പോകുന്നത്. ഇത് പ്രശ്നത്തിന് പരിഹാരമാകില്ല എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. റോഡ് നവീകരണത്തോടൊപ്പം വെള്ളം കെട്ടി നിൽക്കുന്ന താഴ്ന്ന പ്രദേശങ്ങളിലെ റോഡിൽ നിന്ന് കടലിലേക്കും ഓട നിർമ്മിക്കണം.

**ഗോതമ്പ് റോഡിന്റെ നവീകരണത്തിനായി 6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് റോഡിന്റെ നവീകരണ നടപടികൾ ആരംഭിച്ചെങ്കിലും, പ്രവൃത്തി തടസ്സപ്പെടുകയായിരുന്നു.

**അനിശ്ചിതത്വത്തിലായ കരിംകുളം അടിമലത്തുറ റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന് ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് പണി ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി മാസത്തോടെ പണി പൂർത്തീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകി.

എം.വിൻസെന്റ് എം.എൽ.എ