neenthal

ബാലുശ്ശേരി: നീന്തലറിയാത്ത കുട്ടികൾക്ക് നീന്തൽ പഠിക്കാം, സൗജന്യമായി. മനോജ് കുന്നോത്ത് പഠിപ്പിക്കാൻ ഇവിടെ റെഡിയാണ്. ബാലുശ്ശേരി ആറാളക്കൽ പുഴ, കോട്ട നട പുഴ എന്നിവിടങ്ങളിൽ നിന്നാണ് നീന്തൽ പഠിപ്പിക്കുന്നത്. ആറ് മുതൽ 16 വയസ് വരെയുള്ള ആൺകുട്ടികളേയും പെൺകുട്ടികളേയുമാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. പെൺകുട്ടികളെ പഠിപ്പിക്കണമെങ്കിൽ രക്ഷിതാക്കൾ കൂടെ വേണം എന്ന നിബന്ധനയുണ്ട്. ഇപ്പോൾ 56 പേർ പഠിച്ചു കൊണ്ടിരിക്കുന്നു. താത്പര്യമുണ്ടെങ്കിൽ എത് പ്രായക്കാരെ വരെയും പഠിപ്പിക്കാനും തയ്യാറാണ്.

പഠിക്കാൻ താത്പര്യമുള്ളവർ ഒരേ പ്രദേശത്തുകാരാണെങ്കിൽ അവിടെ കുളമോ പുഴയോ ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും പോയി പഠിപ്പിക്കും. കഴിഞ്ഞ രണ്ട് വർഷമായി ബാലുശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലേയും നൂറ് കണക്കിന് വിദ്യാർത്ഥികളെയും മറ്റും ഇതിനോടകം തന്നെ മനോജ് സൗജന്യമായി നീന്തൽ പഠിപ്പിച്ചു.

നീന്തൽ പഠിക്കാത്തതിനാൽ പലരും വെള്ളത്തിൽ വീണ് മരിക്കാറുണ്ട്. അത് കൊണ്ട് തന്നെ നീന്തൽ പഠിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണ് മനോജ് കുന്നോത്തിനെ ഈ ദൗത്യത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. സമൂഹത്തിന് തന്നാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്നത് മനോജ് കുന്നോത്ത് ശീലമാക്കിയിട്ട് വർഷങ്ങൾ ഏറെയായി.

കൊവിഡ് കാലത്ത് ആളുകൾ പുറത്തിറങ്ങാൻ മടിച്ചപ്പോൾ ഭക്ഷണ സാധനങ്ങളും മരുന്നും മറ്റും വീടുകളിൽ എത്തിച്ചു കൊടുക്കുകയും നിപയുടെ കാലത്തും പ്രളയമുണ്ടായ കാലങ്ങളിലുമെല്ലാം തന്റെ ജീവൻ പണയം വെച്ച് മുഴുവൻ സമയ പൊതു പ്രവർത്തകനായി മനോജ് തെളിയിച്ചിരുന്നു. 10 വർഷത്തെ സാമൂഹ്യ പ്രവർത്തനത്തിനിടയിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. എതിർ കക്ഷിക്ക് എക്കാലവും വമ്പൻ ഭൂരിപക്ഷം ലഭിച്ചു കൊണ്ടിരുന്ന തന്റെ വാർഡ് അല്ലാത്ത ആറാം വാർഡിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചുരുങ്ങിയ വോട്ടിനായിരുന്നു തോൽവി.

നേരത്തെ വെളിച്ചെണ്ണ മില്ലിൽ ജോലി ചെയ്തിരുന്ന മനോജ് സാമൂഹ്യ പ്രവർത്തനം തുടങ്ങിയതോടെ അവ വേണ്ടെന്ന് വച്ചു. എന്ത് സേവനം ചെയ്താലും ഒരു പ്രതിഫലവും വാങ്ങില്ല. അതുകൊണ്ട് തന്നെ രാവിലെ ആര് വന്ന് വിളിക്കുന്നുവോ അവരുടെ കൂടെ പോവും. മുങ്ങിമരണമില്ലാത്ത ദിവസമുണ്ടാവട്ടെയെന്ന പ്രത്യാശയോടെയാണ് മനോജ് ഓരോ ദിവസവും ഉണരുന്നത്. അതിനായി രാവിലെ ഇറങ്ങുകയാണ്. പരിശീലനം കാത്ത് നിൽക്കുന്നവരേയും കൂട്ടി വെള്ളത്തിലേക്ക്. അത് കഴിഞ്ഞാൽ മറ്റു പൊതുപ്രവർത്തനങ്ങൾക്കായി പോകും.
മുൻ ബാലുശേരി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ റീജ കണ്ടോത്ത് കുഴിയാണ് ഭാര്യ.