തലശ്ശേരി: മലയാളത്തെ പ്രണയിച്ച എഡ്വേർഡ് ബ്രണ്ണന്റേയും പ്രകൃതി ലാവണ്യത്തിൽ മയങ്ങിപ്പോയ ഓവർ ബെറി സായ്പ്പിന്റേയും ഇഷ്ട ഭൂമിയായ പൈതൃകനഗരം ഇപ്പോൾ വിനോദ സഞ്ചാരികളുടേയും സിനിമാ ഷൂട്ടിംഗുകാരുടേയും പറുദീസയായി മാറുന്നു. ഒരു കാലത്ത് ഇന്ത്യയുടെ സമുദ്ര പ്രവേശന കവാടമായിരുന്ന തലശ്ശേരി കലോരം അടിമുടി മാറുകയാണ്.
പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കടൽത്തീരവും പരിസരത്തെ ഇടുങ്ങിയ റോഡുകളും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ മാറ്റം വരുത്തിയതോടെ സിനിമ ചിത്രീകരണത്തിനും ഇവിടം വേദിയാവും. മറ്റൊരു കേരളീയ തീരത്തും കാണാനാവാത്ത വിധം നിരനിരയായുള്ള കൂറ്റൻ പാണ്ടികശാലകളും. മട്ടാഞ്ചേരി തെരുവുകളെ ഓർമ്മിപ്പിക്കുന്ന കടുസ്സായ റോഡുകളും പൗരാണിക തുറമുഖ നഗരത്തിന്റെ പ്രൗഢി വിളംബരം ചെയ്യുകയാണ്.
ടൊവിനോ തോമസിനെ നായകനാക്കി ആഷിക് ഉസ്മാൻ-ഖാലിദ് റഹ്മാൻ ടീം അണിയിച്ചൊരുക്കുന്ന തല്ലുമാല സിനിമയുടെ പ്രധാന ലൊക്കേഷനായി ഈ തീരപ്രദേശം മാറുകയാണ്. കടൽപാലം പരിസരത്തെ റോഡുകൾ രണ്ടു ദിവസത്തിനുള്ളിൽ ആകെ മാറി. ഇവിടെയുള്ള പഴക്കമേറിയ പാണ്ടികശാലകളുടെ ചുവരുകളെല്ലാം വർണ്ണചിത്രങ്ങളാൽ അലംകൃതമായിരിക്കുകയാണ്. തല്ലുമാലയുടെ ചിത്രീകരണത്തിന്റെ ഏറിയ ഭാഗവും ഇവിടെയായിരിക്കും ചിത്രീകരിക്കുക.
പാലിശ്ശേരി സീവ്യൂ പാർക്ക് പരിസരത്തെ സി.പി. മൂസക്കേയിയുടെ ബംഗ്ലാവിലാണ് ബുധനാഴ്ച്ച ഷൂട്ടിംഗ് നടന്നത്. പിയർ റോഡിലെ പഴഞ്ചൻ കെട്ടിടത്തിലെ ചുവരുകൾ മുഴുവൻ വിവിധ ചായങ്ങളിൽ ഡിസൈൻ ചെയ്തതോടെ തലശ്ശേരിയുടെ തീരദേശത്തിന് പണ്ടെങ്ങുമില്ലാത്ത ചാരുത കൈവന്നിരിക്കുകയാണ്. കടൽപാലത്തോട് ചേർന്ന് നടപ്പാത യാഥാർഥ്യമായതോടെയാണ് ഇവിടം സിനിമക്കാരുടെയും ഇഷ്ടകേന്ദ്രമായത്. പഴയ പോർട്ട് ഓഫീസ് മുതൽ കടൽപാലം വരെയുള്ള ഭാഗത്താണ് ആഴ്ചകൾക്ക് മുമ്പ് നടപ്പാത നിർമ്മിച്ചത്. വിനോദത്തിനെത്തുന്നവർക്ക് സിമന്റിൽ പണിത ഇരിപ്പിടവും, വൈദ്യുതി വിളക്കുകളും ഇവിടെ സ്ഥാപിച്ചിരുന്നു. പരിസരത്തെ റോഡ് നവീകരിച്ചതിന് പിന്നാലെയാണ് കടലോര നടപ്പാതയും യാഥാർത്ഥ്യമാക്കിയത്. തലശ്ശേരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഇവിടം മാറുകയാണ്.
വൈകുന്നേരങ്ങളിൽ കുടുംബസമേതമാണ് ആളുകൾ ഇവിടെ വിനോദത്തിനെത്തുന്നത്. അസ്തമയ സൂര്യന്റെ വർണ്ണ ഭംഗിയും ചേക്കേറുന്ന പറവകളുടെ കലപില ശബ്ദവും ധർമ്മടം ദ്വീപിന്റെ ദൂരക്കാഴ്ചയുമെല്ലാം ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങുന്നത്. അപകടാവസ്ഥയിലായ കടൽപ്പാലം കൂടി നവീകരിക്കപ്പെടുന്നതോടെ, ചരിത്ര ഗാഥകളുറങ്ങുന്ന ഈ പൈതൃക തീരം തലശ്ശേരിയുടെ തിലക ചാർത്തായി മാറും.