tgg

വർക്കല : നഗരസഭാ പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ കത്തിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ തടഞ്ഞുവച്ചു. തെരുവ് വിളക്കുകളുടെ മെയിന്റനൻസിന് നടത്താൻ മുനിസിപ്പാലിറ്റി കരാർ തൊഴിലാളികളെ നിയമിച്ചിരുന്നു. പുതുതായി മുഴുവൻ തെരുവുവിളക്കുകളും എൽ.ഇ.ഡി ബൾബുകളാക്കാനും അതിന്റെ മെയിന്റനൻസ് ഏഴു വർഷത്തേക്ക് ഇലക്ട്രിസിറ്റി ബോർഡിനെ ഏല്പിക്കാനുമായി കൊണ്ടുവന്ന നിലാവ് പദ്ധതി നടപ്പിലാക്കാൻ ഏഴു മാസങ്ങൾക്ക് മുൻപ് തീരുമാനിച്ചു. അതിന്റെ ഒന്നാംഘട്ടമായിട്ടായിരുന്നു മൂന്നിലൊന്ന് തെരുവു വിളക്കുകൾ മാറ്റിസ്ഥാപിച്ചത്.

പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിക്കാനുള്ള ഉയർന്ന വോൾട്ടേജ് ബൾബുകൾ ഇതുവരെ എത്താത്തതിനാൽ പ്രധാന ജംഗ്ഷനുകളെല്ലാം ഇരുട്ടിലാണെന്നും കൗൺസിലർമാർ ആരോപിച്ചു.ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണാമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞെങ്കിലും രേഖാമൂലം ഉറപ്പു നൽകാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ നിലപാടെടുത്തു.തുടർന്ന് നഗരസഭാ സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി ചർച്ച ചെയ്യുകയും അടുത്തമാസം 8നു മുൻപ് തെരുവുവിളക്കുകൾ കത്തിക്കുന്ന ജോലികൾ ആരംഭിക്കുമെന്നും രേഖാമൂലം ഉറപ്പു നൽകിയതിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പി.എം.ബഷീറിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ എൻ. അശോകൻ,എസ്. പ്രദീപ്, എ.സലിം, രാഗശ്രീ, ബിന്ദു തിലകൻ,ഡോ.ഇന്ദുലേഖ എന്നിവർ സമരത്തിൽ പങ്കെടുത്തു.