df

വർക്കല: വർക്കല പാപനാശം ഹെലിപ്പാ‌‌ഡിന് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ സൈനികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂർ കമ്പംകോട്ട് ദീപം വീട്ടിൽ ദീപുവിനെയാണ് (38)​ മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മുവിൽ മെയിൽ നഴ്സായി ജോലി നോക്കുന്ന ദീപു 15 വർഷമായി സേനയിൽ സേവനം അനുഷ്ഠിക്കുകയാണ്. ഒരുമാസം മുൻപാണ് അവധിക്കെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച ഉച്ചയ്ക്ക് കൊല്ലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ദീപു വീട്ടിൽ നിന്നിറങ്ങിയത്. അന്ന് തന്നെ വർക്കലയിലെത്തിയ ദീപു റിസോർട്ടിൽ മുറിയെടുത്ത് തങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ റിസോർട്ടിലെ ജീവനക്കാർ വിളിച്ചിട്ടും മുറി തുറക്കാതായതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ദീപുവിനെ ഫാനിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടത്. ഇയാൾ താമസിച്ച മുറിയിൽ നിന്ന് മദ്യക്കുപ്പിയും വിഷവും കണ്ടെത്തിയിട്ടുണ്ട്. ദീപുവിന്റെ വിവാഹമോചന കേസ് നടക്കുകയാണ്. സേനയിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റിന് അപേക്ഷ നൽകിയിട്ടുള്ളതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിതാവ് പരേതനായ രാധാകൃഷ്ണപിള്ള. മാതാവ്: വനജ കുമാരി. മക്കൾ: ജ്യോതിസ്, തേജസ്. സഹോദരി: ധന്യ.