വിതുര: രണ്ടാഴ്ച പിന്നിട്ടിട്ടും പൊന്മുടിയിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാതായതോടെ പ്രതിഷേധം ശക്തമാകുന്നു. മേഖലയിലേക്കുള്ള ഏക യാത്രാമാർഗം നിലച്ചതോടെ തോട്ടംതൊഴിലാളികൾ ഒറ്റപ്പെട്ട നിലയിലായി.

റോഡിന്റെ ശോച്യാവസ്ഥയും പ്രതികൂലകാലാവസ്ഥയും കാരണമാണ് പൊന്മുടിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് അധികൃതർ നിറുത്തിവച്ചത്. ഇത് ഉടൻ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതിനുള്ള തീരുമാനം ആയിട്ടില്ല.

നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിന്നാണ് പൊന്മുടിയിലേക്ക് സർവീസ് നടത്തിയിരുന്നത്. വിനോദസഞ്ചാരികളടക്കം നിരവധിപേരാണ് ഈ ബസുകളെ ആശ്രയിച്ചിരുന്നത്. മാത്രമല്ല പൊൻമുടി, കുളച്ചിക്കര എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ഏക ആശ്രയവും ഇതായിരുന്നു. സ്ഥാപനങ്ങൾ കുറവായ പൊന്മുടി മേഖലയിൽ നിന്ന് ബസുകളിലാണ് തൊഴിലാളികൾ വിതുരയിലെത്തി സാധനങ്ങൾ വാങ്ങി മടങ്ങിയിരുന്നത്. ഇവരെല്ലാം ഇപ്പോൾ ദുരിതത്തിലാണ്. പൊന്മുടിയിൽ നിന്ന് മറ്റ് സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നവരും യാത്രാമാർഗമില്ലാത്തതിനാൽ ജോലിക്ക് പോകുന്നില്ല. ബസ് സർവീസ് ഇല്ലാത്തതുമൂലം പൊന്മുടിയിൽ പൊലീസ് സ്റ്റേഷൻ, കെ.ടി.ഡി.സി, ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളിൽ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥതരും ബുദ്ധിമുട്ടിലാണ്.

പ്രതിഷേധം കനക്കുന്നു

സ്വന്തമായി വാഹനമില്ലാത്തവർക്ക് നിലവിൽ 800 മുതൽ 1200 രൂപ വരെ മുടക്കി വിതുരയിൽ നിന്ന് വാഹനം വിളിച്ചാൽ മാത്രമേ പൊന്മുടിയിലേക്ക് എത്താൻ സാധിക്കൂ. പൊന്മുടി, കുളച്ചിക്കര എസ്റ്റേറ്റുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ വിതുര സ്കൂളിൽ പഠിക്കാൻ പോകുന്നുണ്ട്. സ്കൂൾ തുറക്കാൻ സമയമായിട്ടും സർവീസ് ആരംഭിക്കാതായതോടെ ഇവരും ആശങ്കയിലാണ്.

ഇതോടെ അടിയന്തരമായി സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട്, വിതുര ഡിപ്പോകളുടെ പടിക്കൽ ധർണ നടത്തുവാനുള്ള തീരുമാനത്തിലാണ് പൊന്മുടി നിവാസികൾ.

സഞ്ചാരികൾക്ക് ഇപ്പോഴും നിയന്ത്രണം

കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് പൊന്മുടിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം ജില്ലാ കളക്ടർ നിറുത്തിവച്ചിരിക്കുകയാണ്.

പൊന്മുടി റോഡിൽ ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനായി ലോറികളിൽ നിർമ്മാണസാമഗ്രികളും എത്തിക്കുന്നു. അതിനാൽ റോഡിന് പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് തോട്ടംതൊഴിലാളികൾ പറയുന്നത്.

"വിതുര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്ന് പൊന്മുടിയിലേക്കുണ്ടായിരുന്ന ബസ് സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണം.സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും."

കെ.വിനീഷ്‌കുമാർ,

തോട്ടംതൊഴിലാളി

യൂണിയൻ (സി.ഐ.ടി.യു)

പൊന്മുടി മേഖലാ സെക്രട്ടറി