വർക്കല: മഴ പെയ്താൽ വർക്കല -പുന്നമൂട് പ്രധാന റോഡിൽ പല ഭാഗത്തും വെള്ളക്കെട്ടാകും. ജവഹർ പാർക്കിനും പുന്നമൂടിനും മദ്ധ്യേയുള്ള ഭാഗത്താണ് സ്ഥിരമായി വെള്ളക്കെട്ടുള്ളത്. റോഡിലേക്ക് കടന്നാണ് ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത്.

വെള്ളമൊഴുകിപ്പോകാൻ സംവിധാനങ്ങളില്ലാത്തതിനാൽ മഴക്കാലം കഴിഞ്ഞാലും വെള്ളക്കെട്ടുണ്ടാകും. പിന്നീട് ചെളിക്കെട്ടാകും. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വർക്‌ ഷോപ്പുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ റോഡരികിലുണ്ട്. സ്ഥാപനങ്ങൾക്കും റോഡിനുമിടയിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. അതുകൊണ്ട് വ്യാപാരികളും ഇവിടെത്തുന്നവരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. വെള്ളക്കെട്ട് വകവയ്ക്കാതെ വാഹനങ്ങൾ വേഗതയിൽ കടന്നു പോകുമ്പോൾ വെള്ളം തെറിച്ച് കടകൾക്കുള്ളിൽ വരെയെത്തും. ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തും വെള്ളം തെറിക്കും.

തിരക്കേറിയ റോഡിൽ കാൽ നടയാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്. സ്ഥിരമായി കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടാൻ സംവിധാനമുണ്ടാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.