kdvr

കടയ്ക്കാവൂർ: മഴക്കാലമെത്തിയതോടെ ജലസ്രോതസുകൾ നിറയുമ്പോൾ പോലും അഞ്ചുതെങ്ങ് നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. തീരദേശവാസികളുടെ ചിരകാല സ്വപ്നമായ വാക്കംകുളം ശുദ്ധജല വിതരണപദ്ധതി അധികൃതരുടെ അവഗണന കാരണം പാതിവഴിയിലായി. നാല് വർഷം മുൻപ് ലോകബാങ്ക് സഹായത്തോടെ 1.25 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

പണിതുടങ്ങി പകുതിയായശേഷമാണ് മണ്ണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇവിടെ പൂഴിമണ്ണാണെന്ന് കണ്ടെത്തി. കുളത്തിൽ ആഴത്തിൽ പൈലിംഗ് നടത്തിയാൽ മാത്രമേ സംഭരണികൾ സ്ഥാപിക്കാൻ കഴിയൂ. കോടികൾ വീണ്ടും ചെലവഴിക്കേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് മറ്റൊരു സ്ഥലം കണ്ടെത്താൻ ശ്രമം ആരംഭിച്ചത്. ഇതിനായി റവന്യൂ ഏറ്റെടുത്ത സുനാമി കോളനിയിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിരുന്നു. പഞ്ചായത്ത് അധികൃതർ കളക്ടറെയും മന്ത്രിയെയും സമീപിച്ചെങ്കിലും ഫയൽ ഇപ്പോൾ സെക്രട്ടേറിയറ്റിലെ എൽ.എസ്.ജി.ഡി വിഭാഗത്തിലാണ്.

വേനൽ ആരംഭിക്കുന്നതിനുമുമ്പ് പദ്ധതി പൂർത്തീകരിക്കനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് അഞ്ചുതെങ്ങ് നിവാസികളുടെ ആവശ്യം.

പ്രദേശം കടുത്ത ജലക്ഷാമത്തിന്റെ പിടിയിൽ

മഴക്കാലത്ത് പോലും പ്രദേശത്ത് വെള്ളമില്ല

പദ്ധതിക്കായി അനുവദിച്ചത് - 1.25 കോടി (ലോക ബാങ്കിന്റെ സഹായത്തോടെ)

വാക്കംകുളം ശുദ്ധജല വിതരണപദ്ധതി

അഞ്ച് മുതൽ ഏഴ് വരെയുള്ള വാർഡുകളിൽ നേരിട്ടും 11, 12 വാർഡുകളിൽ മുഖ്യമായും കുടിവെള്ളം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി നടപ്പാക്കാത്തതിന് കാരണം

മണ്ണ് പരിശോധനയിൽ പ്രദേശത്ത് പൂഴി മണ്ണാണ് ഉള്ളതെന്ന് കണ്ടെത്തി

ആകെ നടന്നത്

നിലവിൽ കുളം വൃത്തിയാക്കി ചുറ്റും കമ്പിവേലി സ്ഥാപിക്കുക മാത്രമാണ് നടന്നത്.

ഇനി വേണ്ടത്

ജലശുദ്ധീകരണമടക്കം നടത്തി പൈപ്പിലൂടെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ മൂന്ന് ജലസംഭരണികളും സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തിയാൽ മാത്രമേ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയൂ. ഒന്നാം ഘട്ടത്തിൽ കുളം വൃത്തിയാക്കി പാർശ്വഭിത്തി കെട്ടി സംരക്ഷണം നൽകുകയും രണ്ടാംഘട്ടത്തിൽ മൂന്ന് ജലസംഭരണികൾ സ്ഥാപിച്ച് വെള്ളം ബ്ലീച്ച് ചെയ്ത് ഫിൽട്ടർ ചെയ്ത് ശേഖരിക്കുകയുമാണ് പദ്ധതി.

നിലവിലുള്ള ഭരണസമിതി ഈ വിഷയത്തിൽ ശക്തമായി ഇടപെടണം. പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കാനുള്ള ശാശ്വത പരിഹാരം ഉണ്ടാകണം.

എസ്. പ്രവീൺചന്ദ്ര, മുൻ പഞ്ചായത്ത് മെമ്പർ

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. വിജിലൻസ് പ്രാഥമികാന്വേഷണത്തിൽ 57 ലക്ഷത്തിന് മുകളിൽ ചെലവാക്കിയിട്ടില്ല.

വി. ലൈജു, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ്