virushka

സോഷ്യൽ മീഡിയയിലെയും യഥാർത്ഥ ജീവിതത്തിലെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. ആരാധകർ സസ്നേഹം വിരുഷ്ക എന്നാണ് ഇരുവരെ അഭിസംബോധന ചെയ്യുന്നത്. ഇരുവരും മകൾ വാമികയുടെ വിശേഷങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, തനിക്കേറ്റവും പ്രിയപ്പെട്ട അനുഷ്കയുടെ സിനിമയെ കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രൺബീർ കപൂർ, അനുഷ്ക ശർമ, ഐശ്വര്യറായ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ഹെ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രമാണ് അനുഷ്ക ചിത്രങ്ങളിൽ തനിക്കേറ്റവും പ്രിയപ്പെട്ടത് എന്നാണ് കോഹ്‌ലി പറയുന്നത്. ചിത്രത്തിലെ പല രംഗങ്ങളും പലപ്പോഴും താൻ ആവർത്തിച്ച് കാണാറുണ്ടെന്നും വിരാട് പറഞ്ഞു.

‘ഹെ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രത്തിൽ അനുഷ്ക അവതരിപ്പിച്ച അലിസേ ഖാൻ ആത്മാവുള്ള കഥാപാത്രമാണെന്നും താനത് പലപ്പോഴും അനുഷ്കയോട് പറയാറുണ്ടെന്നും കോഹ്‌ലി പറയുന്നു. “അലിസേ കാൻസർ ബാധിതയായതറിഞ്ഞ് രൺബീറിന്റെ കഥാപാത്രമായ അയാൻ തിരികെ വരുന്നത് ഞാനിപ്പോഴും കാണുന്ന രംഗങ്ങളിൽ ഒന്നാണ്. അതിലെ ഗാനങ്ങളും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.”

കരൺ ജോഹർ സംവിധാനവും നിർമാണവും നിർവഹിച്ച ‘ഹെ ദിൽ ഹെ മുഷ്കിൽ’ റിലീസായിട്ട് അഞ്ച് വർഷം പൂർത്തിയായി. ചിത്രത്തിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിൽ എത്തിയിരുന്നു.