yhh

വർക്കല : പ്രകൃതിയുടെ അത്ഭുതം എന്ന് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പാപനാശം ടൂറിസം മേഖലയിലെ ഇട റോഡുകളിലൂടെയുള്ള യാത്ര ദുസഹമാകുന്നു. ഇപ്പോൾ ഇടറോഡുകളിൽ വാഹനങ്ങൾക്ക് പകരം വള്ളമിറക്കേണ്ട അവസ്ഥയാണുള്ളത്.

ടൂറിസം മേഖലയിലേക്കുള്ള ഒട്ടുമിക്ക ഇടറോഡുകളും വെള്ളക്കെട്ടിലാണ്. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ട ഗതികേടിലാണ്. വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികൃതർ യാതൊന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.അറബിക്കടലിനോട് ചേർന്നുള്ള മലനിരകൾ കൊണ്ട് ലോകശ്രദ്ധയാകർഷിക്കുന്ന കേരളത്തിന്റെ തെക്ക് ഭാഗത്തുള്ള തീരദേശ പട്ടണത്തിലെ ടൂറിസം സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന് പകരം കനത്ത അവഗണനയാണ് ടൂറിസം വകുപ്പ് കാണിക്കുന്നത്.റിസോർട്ടുകൾ കെട്ടി പൊക്കുന്നതിന് പോലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. നഗരസഭ ഇതൊന്നും ശ്രദ്ധിക്കുന്നതുമില്ല.

റോഡിലെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമില്ലാത്തതും ഓടകൾ അടഞ്ഞു കിടക്കുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്.

റോഡിൽ ഓട നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പ്രദേശവാസികളും നഗരസഭ അധികൃതർക്കും ടൂറിസം വകുപ്പിനും പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും പരിഹാരമായില്ല.

വേസ്റ്റുകൾ നിക്ഷേപിക്കുന്നതിനും, റിസോർട്ടുകളിലെ മലിനജലം ഒഴുക്കി വിടുന്നതിനും മതിയായ സൗകര്യങ്ങളില്ല. ഇത്തരം മലിനജലം റോഡിലൂടെ പലപ്പോഴും ഒഴുകി പരക്കുകയാണ്. ടൂറിസം മേഖലയിലെ ഇടറോഡുകൾ സഞ്ചാരയോഗ്യമാക്കുക, ഓടകൾ നിർമ്മിക്കുക, മാലിന്യ സംസ്കരണത്തിന് കർമ്മ പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ടൂറിസം മേഖലയിൽ ഉള്ളത്.

അപകടവും ..മാലിന്യവും

നിരത്തിൽ രൂപപ്പെട്ടിട്ടുള്ള കുഴികളും വെള്ളക്കെട്ടും അപകടസാദ്ധ്യത കൂട്ടുകയാണ്.കുഴികളിൽ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലിറങ്ങുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാകുകയാണ്.

വെള്ളക്കെട്ടിൽ മാലിന്യം കിടന്ന് അഴുകുന്നത് സാംക്രമിക രോഗങ്ങൾ പകരുന്നതിനും കാരണമാകുന്നു.

പ്ലാസ്റ്റിക്, പാമ്പേഴ്സ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ട് പ്രധാന റോഡുകളിലെ ഓടകൾ പോലും അടഞ്ഞു.

സമുദ്രനിരപ്പിൽ നിന്നും ഉയർന്ന പ്രദേശമായിട്ട് പോലും ചെറിയ തോതിൽ മഴ പെയ്താലും ഇവിടങ്ങളിലെ പല വീടുകളിലും

ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വെള്ളം കയറുന്ന അവസ്ഥയാണ്.

യൂസേഴ്‌സ് ഫീസ് കൂടുതലല്ലേ?​

ഹരിത കർമ്മ സേനയുടെ യൂസേഴ്‌സ് ഫീസ് 100 രൂപയാണ് വർക്കല നഗരസഭ ഈടാക്കുന്നത്. എന്നാൽ സമീപ പഞ്ചായത്തിലും നഗരസഭകളിലും ഇത് 50 രൂപ മാത്രമാണ്.ഇതിനെതിരെ പരാതികൾ ഉയരുന്നുണ്ട്. വീടുകളിൽ നിന്നും കൃത്യമായി മാലിന്യ ശേഖരണം നടത്തുന്നുണ്ടെങ്കിലും തെരുവിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ തടയാനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട് . റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ രാത്രി റോഡിൽ നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട് .നഗരസഭാ വിവിധ പ്രവർത്തനങ്ങൾക്ക് ടൂറിസം മേഖലയിൽ ഫണ്ടുകൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതല്ലാതെ ഫലംകാണുന്നില്ല.