pra

വെഞ്ഞാറമൂട്: ഏറെ കോളിളക്കം സൃഷ്ടിച്ച കീഴായിക്കോണം പ്രദീപ് (34) കൊലക്കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആറ് വർഷത്തിന് ശേഷം പിടിയിലായ വണ്ടിപ്പുരമുക്ക് കൈതറക്കുഴി വീട്ടിൽ പുഷ്പാംഗദൻ (40), പുഷ്പാംഗദന്റെ ഭാര്യാ സഹോദരൻ വിനീഷ് (32), അഭിലാഷ് (37), സുരേഷ് (36) എന്നിവരെയാണ് ഡി.സി.ആർ.ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിനായി എത്തിച്ചത്. ഇവരെ ഇക്കഴിഞ്ഞ 23നാണ് ഡി.സി.ആർ.ബിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

2015 മാർച്ചിലാണ് പ്രദീപിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈശാനുകോണത്തെ ഒരു പുരയിടത്തിൽ കഴുത്തിൽ തുണികെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുൻപ് പ്രദീപിന്റെ അമ്മ സുശീലയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വ്യാജവാറ്റ് സംഘത്തെക്കുറിച്ച് പരാതി കൊടുത്തതിലുള്ള പ്രതികാരമായിരുന്നു സുശീലയുടെ കൊലപാതകം. ഈ കേസിലെ ഒന്നാം സാക്ഷിയായിരുന്നു പ്രദീപ്.

ഈ കേസിന്റെ വിചാരണയുടെ തൊട്ടു മുൻപായിരുന്നു പ്രദീപ് കൊല്ലപ്പെട്ടത്. സുശീലയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന പുഷ്പാംഗദൻ, വിനീഷ് എന്നിവരാണ് പ്രദീപ് വധക്കേസിലെയും മുഖ്യപ്രതികൾ.

സംഭവം വെഞ്ഞാറമൂട് ലോക്കൽ പൊലീസാണ് ആദ്യം അന്വേഷിച്ചത്. ആദ്യം കസ്റ്റഡിയിലെടുത്ത റിജുവും രണ്ടാമത് കസ്റ്റഡിയിലെടുന്ന മറ്റൊരാളും ആത്മഹത്യ ചെയ്തു. ഇതോടെ കസ്റ്റഡി മർദ്ദനവും, പീഡനവുമാരോപിച്ച് ഒരു വിഭാഗം സമരങ്ങളുമായി മുന്നോട്ടുവന്നു. തുടർന്ന് അന്വേഷണം ലോക്കൽ പൊലീസ് നിറുത്തിവയ്ക്കുകയും ഡി.സി.ആർ.ബി കേസ് ഏറ്റെടുത്ത് തെളിയിക്കുകയുമായിരുന്നു. റൂറൽ എസ്.പി പി.കെ. മധു, അഡീഷണൽ എസ്.പി ബിജുമോൻ, റൂറൽ ഡിസ്ട്രിക് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സുൾഫിക്കർ എന്നിവരുടെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി വിജുകുമാർ, എ.എസ്.ഐ ഷഫീർ ലബ്ബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റും തെളിവെടുപ്പും.