കിളിമാനൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശുചീകരണം ഉൾപ്പടെയുള്ള നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. രക്ഷകർത്താക്കളുടെ യോഗം വിളിച്ച് സുരക്ഷാ മുന്നൊരുക്കങ്ങളും കഴിഞ്ഞു. ഭൂരിഭാഗം സ്കൂളുകളിലും പത്താം ക്ലാസ്സുകാർക്ക് എല്ലാദിവസവും മറ്റുള്ളവർക്ക് ആഴ്ചയിൽ മൂന്ന് ദിവസവും എന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്. ഒരു ക്ലാസ്സിൽ 20 കുട്ടികളെ ആയിരിക്കും പരമാവധി പ്രവേശിക്കുക. അതേസമയം ചില ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒരു ക്ലാസിലെ മൊത്തം വീടുകളിൽ 60 ശതമാനത്തോളം പേരിൽ സ്കൂളിലേക്ക് അയക്കാൻ താല്പര്യം ഇല്ലെന്ന് അറിയിച്ചാൽ ഓൺലൈൻ ക്ലാസ്സ് തുടരാമെന്നാണ് തീരുമാനം.

ഇത്തവണ യൂണിഫോം നിർബന്ധമില്ലെന്നും നിർദേശമുണ്ട്. എന്നാൽ വിദ്യാർഥികളുടെ വേഷവിധാനത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന കർശന നിർദേശവും അദ്ധ്യാപകർ നൽകിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിനു മുമ്പ് പൊലീസിന്റെ നേതൃത്വത്തിലും യോഗം ചേരും. രക്ഷിതാക്കളിൽ നിർദേശം പാലിച്ച് കുട്ടികളെ സ്കൂളിൽ അയക്കാമെന്ന് സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും പല സ്കൂൾ അധികൃതരും വാങ്ങുന്നുണ്ട്. വീട്ടിൽ ഉള്ളവരുടെ എണ്ണം, വാക്സിൻ എടുത്തവരുടെ വിവരങ്ങൾ, വാർഡ് മെമ്പർ മാരുടെ പേരും ഫോൺ നമ്പറും എന്നിവയും ശേഖരിക്കുന്നുണ്ട്.

അദ്ധ്യാപകർക്ക് പിടിപ്പത് പണി

ഓൺലൈൻ ക്ലാസിൽ നിന്ന് ഒഫ് ക്ലാസുകളിലേക്ക് നീങ്ങി തുടങ്ങിയതോടെ അദ്ധ്യാപകർക്ക് പിടിപ്പത് പണി. ഓരോ ക്ലാസുകളിലും 20 കുട്ടികളെയാണ് പ്രവേശിപ്പിക്കുക. അതിന് അനുസരിച്ച് ടൈംടേബിൾ തയാറാക്കൽ, കുട്ടികളുടെ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തൽ, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം അദ്ധ്യാപകരുടെ നിരീക്ഷണത്തിലാണ്.

വാഹന സൗകര്യം കീറാമുട്ടിയാകും

കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുള്ള വാഹനസൗകര്യം അധികൃതരെ വലയ്ക്കുന്നു. സ്കൂൾ ബസുകളിൽ ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമാണ് അനുവദിക്കുക. കുട്ടികളുടെ എണ്ണം കുറയുന്നതോടെ സ്കൂൾ ബസിലെ പ്രതിമാസ വാടക നിരക്കിൽ വലിയ വർദ്ധനവുണ്ടാകും. കെ.എസ്.ആർ.ടി.സിബസുകൾ നൽകാമെന്ന് വാഗ്ദാനം ഉണ്ടെങ്കിലും നിരക്ക് സ്കൂൾ അധികൃതർക്ക് താങ്ങാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ.