തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവും അനുബന്ധ റോഡുകൾ വീതി കൂട്ടി വികസിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ റവന്യൂ വിഭാഗത്തിൽ പൂർത്തിയാക്കി വരികയാണെന്ന് പൊതുമരാമത്തു മന്ത്റിക്കുവേണ്ടി മന്ത്റി കെ. രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ശാസ്‌തമംഗലം മുതൽ മണ്ണാറക്കോണം വരെയുള്ള ആദ്യ റീച്ചിലെ കെട്ടിടങ്ങളുടെ മൂല്യനിർണയം പൂർത്തിയായിട്ടുണ്ടെന്നും മറ്റു രണ്ട് റീച്ചുകളുടെ മൂല്യനിർണയം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് എസ്.പി.വി ആയി ട്രിഡയെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് ട്രിഡയും തദ്ദേശ വകുപ്പും കിഫ്ബിയും തമ്മിൽ ത്രികക്ഷി കരാർ ഒപ്പുവയ്ക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.
ട്രിഡയുടെ ചുമതലയിലുള്ള പദ്ധതി പ്രദേശത്തിന്റെ വിശദ ടോപ്പോഗ്രാഫിക്കൽ സർവേ ഒക്ടോബർ എട്ടിന് ആരംഭിച്ചു. അന്തിമ സ്‌കെച്ച് തയ്യാറാക്കുകയാണെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുന്നെന്നും വി.കെ. പ്രശാന്തിന്റെ സബ്മിഷന് മന്ത്റി മറുപടി നൽകി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവും അനുബന്ധ റോഡുകളുടെ വികസനവും പൊതുമരാമത്ത് വകുപ്പ് പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശ സ്വയംഭരണ വകുപ്പിലെ പദ്ധതിയുമായാണ് നടപ്പാക്കുക.
ജംഗ്ഷൻ വികസനത്തിന് 100 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. അനുബന്ധ റോഡുകളുടെ വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 199.4 കോടി രൂപയുടെ വിശദപദ്ധതി കിഫ്ബിക്ക് സമർപ്പിച്ചതിൽ 95 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ചു. 50 ലക്ഷം രൂപ കണ്ടിജൻസി ചാർജ് ഇനത്തിൽ കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്. അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിച്ചതായും മന്ത്റി അറിയിച്ചു.