മലയിൻകീഴ്: മാറനല്ലൂർ ഗവ.ആശുപത്രിക്ക് മുന്നിലെ റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഇലവുമരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കാലങ്ങളായി ഈ അവസ്ഥയിൽ തുടരുന്ന മരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മരത്തിന്റെ മദ്ധ്യഭാഗം കേടുവന്ന് ദ്രവിച്ച നിലയിലാണ്. ആശുപത്രി മതിലിന് അടിയിലൂടെ മരത്തിന്റെ വേര് വളർന്നിറങ്ങിയതിനാൽ മതിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ആശുപത്രിക്കെട്ടിടത്തിനും ഇത് ഭീഷണി ഉയർത്തുന്നുണ്ട്.
ആശുപത്രിയിലെത്തുന്നവരുടെ വാഹനങ്ങളും ആംബുലൻസും പാർക്ക് ചെയ്യുന്നത് ഈ മരത്തിന്റെ ചുവട്ടിലാണ്. കൊടുംവളവും കയറ്റിറക്കവുമായ ആശുപത്രി റോഡിൽ എപ്പോഴും വാഹന തിരക്കുമുണ്ട്. മരംമുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അരുവിക്കര സുനിൽ വില്ലേജ് ഓഫീസിലും മാറനല്ലൂർ ഗ്രാമപഞ്ചായത്തിലും പരാതി നൽകി.