buds-school

വർക്കല: സാമൂഹ്യസുരക്ഷാ വകുപ്പിന്റെ കീഴിൽ വർക്കല നഗരസഭയിൽ കരുനിലക്കോട് ആരംഭിച്ച ബഡ്സ് സ്കൂൾ അഞ്ച് വർഷമായി അടഞ്ഞുകിടക്കുന്നു. 2018ൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഓട്ടിസം ബാധിച്ചവരും ഭിന്നശേഷിക്കാരുമായ കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് പ്രാപ്തരാക്കുവാൻ വേണ്ടിയാണ് ഇങ്ങനെയൊരു കേന്ദ്രം ആരംഭിച്ചത്. കരുനിലക്കോട് പ്രവർത്തനരഹിതമായി കിടന്ന മാതൃശിശുസംരക്ഷണ കേന്ദ്രത്തിലാണ് ബഡ്സ് സ്കൂൾ തുടങ്ങിയത്. വർക്കല നിയോജകമണ്ഡലത്തിൽ തന്നെ ഇത്തരത്തിൽ സർക്കാർ തലത്തിലുളള ഏക കേന്ദ്രം കൂടിയാണ് കരുനിലക്കോട് ബഡ്സ് സ്കൂൾ. നഗരസഭയിലും പരിസരങ്ങളിലുമുളള ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകർത്താക്കൾ ഏറെ പ്രതീക്ഷയോടെയാണ് ഈ കേന്ദ്രം പ്രവർത്തനക്ഷമമാകാൻ കാത്തിരുന്നത്. അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങൾകൂടി ഏർപെടുത്തണമെന്നാണ് സാമൂഹ്യ സുരക്ഷാവകുപ്പ് നിർദ്ദേശിച്ചിട്ടുളളത്. അതിനുളള ശ്രമങ്ങൾ നടക്കുന്നതിനിടെ ബഡ്സ് സ്കൂൾ നിറുത്തലാക്കാനുളള ചില ശ്രമങ്ങളും അണിയറയിൽ നടക്കുന്നു. സ്കൂൾ തുറന്ന് പ്രവർത്തിക്കണമെന്ന് മുൻ നഗരസഭ കൗൺസിലർ സജിത് റോയി ഉൾപ്പടെയുളളവർ നഗരസഭയോട് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ഒരു കേന്ദ്രം വർക്കലയിൽ തുടങ്ങണമെന്നത് നഗരസഭയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്ന് ചെയർമാൻ കെ.എം.ലാജി പറഞ്ഞു.