കുഴിത്തുറ: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 14 ടൺ റേഷൻ അരിയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുളശേഖരം കോട്ടൂർക്കോണം സ്വദേശി രാജാശേഖറാണ് (29) അറസ്റ്റിലായത്. ഇന്നലെ രാവിലെ തൂത്തുക്കുടിയിൽ നിന്ന് അനധികൃത റേഷൻ അരിയുമായി ഒരു ലോറി കേരളത്തിലേക്ക് വരുന്നതായി മാർത്താണ്ഡം പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാർത്താണ്ഡം ഫ്ലൈഓവറിൽ നടത്തിയ വാഹന പരിശോധനയിലാണ് അരി പിടികൂടിയത്. ഡ്രൈവറെ ലോറിയുൾപ്പെടെ നാഗർകോവിൽ ഫുഡ് സെൽ ഉദ്യോഗസ്ഥർക്ക് കൈമാറി. പ്രതിയെ റിമാൻഡ് ചെയ്തു.