തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെ പേര് വിവരങ്ങൾ ബോർഡിൽ പ്രസിദ്ധപ്പെടുത്താനും ഇവർ ഡ്യൂട്ടിയെടുക്കാതിരുന്നാൽ കർശന നടപടി സ്വീകരിക്കാനും മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം രാത്രി മന്ത്രി നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കാൻ വിളിച്ച അധികൃതരുടെ അടിയന്തര യോഗത്തിലാണ് നിർദ്ദേശം നൽകിയത്.

വ്യാഴാഴ്ച രാത്രി മന്ത്രി മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചപ്പോൾ അത്യാഹിത വിഭാഗത്തിലും വാർഡുകളിലും കണ്ട കാഴ്ചകളും രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ഉന്നയിച്ച പ്രശ്‌നങ്ങളും മന്ത്രി യോഗത്തിൽ ഉന്നയിച്ചു.

ജോലി ചെയ്യാതെ ചിലർ മാറി നിൽക്കുന്നതിന്റെ കാരണം വിശദമാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. സർക്കാർ ഉത്തരവനുസരിച്ചുള്ള കാഷ്വാലിറ്റി പ്രോട്ടോക്കോൾ പാലിക്കാൻ കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികൾ എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ യോഗത്തിൽ പങ്കെടുത്തു.