mahe

മാഹി: അമ്പത്തിനാല് കിലോമീറ്ററുകൾക്കപ്പുറം കുറ്റ്യാടി മലകളിൽ നിന്നുത്ഭവിച്ച് മയ്യഴി അഴീമുഖത്ത് അറബിക്കടലിൽ ചേരുന്ന മയ്യഴിപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ അധികൃതർ അവസരം ഒരുക്കുന്നു. തീരങ്ങളെല്ലാം കോടികൾ ചിലവഴിച്ച് ആധുനീകരിച്ചിട്ടുണ്ട്. മാഹി മഞ്ചക്കലിൽ നിന്ന് പി.ടി.ഡി.സിയുടെ രണ്ട് ഉല്ലാസ ബോട്ടുകൾ സർവീസ് നടത്തുന്നു. ന്യൂ മാഹി ഭാഗത്ത് സ്വകാര്യ ഏജൻസിയുടെ സ്പീഡ് ബോട്ട്, ബനാന ബോട്ട്, പെഡൽ ബോട്ട്, വാട്ടർ സ്‌കൂട്ടർ എന്നിവയും മയ്യഴി പുഴയിൽ സഞ്ചാരികളുടെ ഹരമായി മാറിയിട്ടുണ്ട്.

മയ്യഴി അഴിമുഖത്തെ ടാഗോർ പാർക്ക് പരിസരത്ത് നിന്നും തുരുത്തി മുക്കിലേക്ക് ഉല്ലാസയാത്ര നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. മയ്യഴിപ്പുഴയോരത്ത് കക്കടവിൽ ബോട്ട് ജെട്ടി നിർമ്മാണം പൂർത്തിയായിട്ടുണ്ട്. നേരത്തെ മോന്താൽ പാലത്തിനപ്പുറം പുഴയോരത്ത് ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്തിരുന്നു. മോന്താൽ പാലത്തിൽ നിന്ന് ഒളവിലം റോഡ് പെരിങ്ങാടി ഭാഗത്തേക്കുള്ള പുഴയോര പാതയിലെ കക്കടവിലാണ് ജെട്ടി നിർമ്മാണം പൂർത്തിയായത്. ഇതിനടുത്തെ പാത്തിക്കലും മറ്റൊരു ജെട്ടി നിർമ്മാണം പുരോഗമിക്കുകയാണ്. പെരിങ്ങാടി എം. മുകുന്ദൻ പാർക്കിനടുത്ത ജെട്ടിയും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. പെരിങ്ങത്തൂരിൽ മറ്റൊരു ജട്ടിയുടെ നിർമ്മാണവും നടക്കുന്നുണ്ട്.
മയ്യഴി മഞ്ചക്കലിൽ നിന്ന് നേരത്തേ മയ്യഴിപ്പുഴയിലൂടെ സഞ്ചാരികൾക്കായി ബോട്ട് സൗകര്യം ഏർപ്പെടുത്തിയിരുന്നു. പുഴയരികിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ ടൂറിസ്റ്റുകളുടെ കച്ചവടം പ്രതീക്ഷിച്ച് കൊച്ചു കൊച്ചു കടകൾ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. മയ്യഴിയിൽ നിന്ന് മോന്താൽ വരെ ഉല്ലാസ ബോട്ട് യാത്ര തുടങ്ങിയാൽ മികച്ചൊരു ടൂറിസ്റ്റ് കേന്ദ്രമായി മയ്യഴിയും ന്യൂ മാഹിയും മാറും. ന്യൂമാഹിയിലെ പാർക്കും മയ്യഴിയിലെ നടപ്പാതയും ബന്ധിപ്പിച്ച് പുഴയാത്ര തുടങ്ങിയാൽ കേരളത്തിലെ ടൂറിസം ഭൂപടത്തിൽ അത് പ്രധാന ഇടമായി മാറും.