കാഞ്ഞങ്ങാട്: നീണ്ട ഇടവേളയ്ക്ക് ശേഷം നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുകയാണ്. തീരാത്ത കൊവിഡ് പ്രതിസന്ധിക്കിടയിൽ സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്കുള്ള പഠനസാമഗ്രികൾ വാങ്ങലാണ് രക്ഷിതാക്കൾക്ക് മുന്നിലെ കീറാമുട്ടി. ഒന്നിലധികം കുട്ടികൾ സ്‌കൂളിൽ പോകുന്ന ദരിദ്ര വീടുകളിൽ ഇതിനായി നല്ലൊരു തുക തന്നെ കണ്ടെത്തേണ്ടി വരുമെന്ന് മടിക്കൈയിലെ സുരേശൻ എന്ന രക്ഷിതാവ് പറഞ്ഞു. പതിവിലും വിപരീതമായി പഠനസാമഗ്രികളുടെ വില വർദ്ധന രക്ഷിതാക്കളെ തെല്ലൊന്നുമല്ല അലട്ടുന്നത്. വിപണിയിൽ പ്രതീക്ഷിച്ച ഉണർവ് കാണാനില്ലെന്ന് വ്യാപാരികളും പറയുന്നു.
കാഞ്ഞങ്ങാട്ടെ മിക്ക വ്യാപാരികളും കച്ചവട മേഖലയിലെ തണുപ്പൻ പ്രതീതിയിൽ ആശങ്കാകുലരാണ്.
കൊവിഡിന് മുൻപത്തെ കച്ചവടത്തിന്റെ പകുതി പോലും കച്ചവടം നടക്കുന്നില്ലെന്ന് കാഞ്ഞങ്ങാട്ടെ ബാഗും അനുബന്ധ പഠന സാമഗ്രികളും വിൽക്കുന്ന സ്ഥാപനമായ ഹോളി ബാഗ് കമ്പനിയുടമ ശ്രീധരൻ വ്യക്തമാക്കി.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകൾ തുറക്കുന്നത്.
മുൻവർഷത്തെ സാധനങ്ങളെല്ലാം നശിച്ചും കാലപഴക്കം കാരണവും ഉപയോഗശൂന്യമാണ്. പുതുതായി എല്ലാം വാങ്ങാൻ നല്ലൊരു തുക വേണം കാഞ്ഞങ്ങാട് ആവിക്കര സ്വദേശിനിയായ വീട്ടമ്മ പറയുന്നു. സ്‌കൂൾ ബാഗ്, കുട, ഷൂ, യൂണിഫോം സ്‌കർട്ടും ഷർട്ടും, മാസ്‌ക്ക്, സാനിറ്റൈസർ, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്‌സ്, ലഞ്ച് ബോക്‌സ്, നോട്ടുബുക്കുകൾ, പേന, കളർ പെൻസിൽ ഇങ്ങനെ നീളുന്നു വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക. ഏറ്റവും കുറഞ്ഞ നിലയിൽ മൊത്തം മൂവായിരം മുതൽ നലായിരം രൂപ വരെ ചുരുങ്ങിയത് വേണ്ടി വരും. കൊവിഡ് തളച്ചിട്ട ജോലിയില്ലാത്ത രക്ഷിതാക്കൾ പലരും ആശങ്കയിലാണ്.
ഒന്നിലധികം കുട്ടികളുള്ള വീടുകളിൽ ചെലവ് ഇരട്ടിയാകും. ഓൺലൈൻ ക്ലാസുകളിൽ നിന്ന് ക്ലാസ് മുറികളിലേക്ക് മാറുന്നതിന്റെ തിരക്ക് വ്യാപാര കേന്ദ്രങ്ങളിലും വലിയതോതിൽ ഇതുവരെയും പ്രകടമായിട്ടില്ല. സ്‌കൂൾ തുറക്കുമ്പോൾ ഉണ്ടാവാറുള്ള തിരക്ക് ഇപ്പോഴില്ലെന്ന് കാഞ്ഞങ്ങാട്ടെ സ്റ്റേഷനറി കടയുടമകൾ പറയുന്നു. ചെറിയ തോതിൽ ആൾക്കാർ എത്തുന്നുണ്ട്. എന്നാൽ ഏറെ കഷ്ടം മൊത്ത കച്ചവടക്കാർക്കാണ്. സ്‌കൂൾ തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ലക്ഷങ്ങളുടെ പഠന സാമഗ്രികളാണ് ഇവർ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. പ്രതിക്ഷിച്ച രീതിയിൽ കച്ചവടം ലഭിക്കാത്തത് ഇവരെയും ആശങ്കയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.