വിതുര: ലോക്ക്ഡൗണിനെ തുടർന്ന് ഒന്നര വർഷം മുമ്പ് നിറുത്തലാക്കിയ കല്ലാർമൊട്ടമൂട്, പൊടിയക്കാല, ചാത്തൻകോട് ആദിവാസി മേഖലകളിലേക്കുള്ള ബസ് സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോ പടിക്കൽ ധർണ നടത്തി. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്തു. ബിനു പട്ടൻകുളിച്ചപാറ, ഐ. പവിത്രലേഖ, എസ്.ശാന്തകുമാർ, പൊടിയക്കാല ശ്രീകുമാർ, ഊരുമൂപ്പൻ മല്ലൻകാണി എന്നിവർ നേതൃത്വം നൽകി. സർവീസുകൾ ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ തിരുവനന്തപുരം - പൊന്മുടി സംസ്ഥാന പാത ഉപരോധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.