hotel

കൊയിലാണ്ടി: രുചികരവും വിലക്കുറവുമായതിനാൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന് ആവശ്യക്കാർ കൂടുന്നു. പതിനൊന്ന് മണിയാകുമ്പോഴേക്കും ഹോട്ടൽ കൗണ്ടറുകളിൽ പാഴ്‌സലിനായി ആളുകൾ എത്തിതുടങ്ങും. നഗരസഭയിൽ മൂന്നിടത്താണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. പുതിയ ബസ് സ്റ്റാൻഡ്, കൊല്ലം ആനക്കുളം, വൈദ്യരങ്ങാടി എന്നിവിടങ്ങളിലാണ്. ദിവസം ആയിരത്തി അഞ്ഞൂറോളം പാഴ്‌സൽ ഉൾപ്പെടെ വിൽക്കുന്നതായി നോർത്ത് സി.ഡി.എസ് ചെയർ പേഴ്‌സൺ ഇന്ദുലേഖ പറഞ്ഞു.

ആക്രി കച്ചവടക്കാർ, വിദ്യാർത്ഥികൾ പോട്ടർമാർ, ബസ് ജീവനക്കാർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലുള്ളവരാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ ഹോട്ടലിലാണ് വലിയ തിരക്ക്. ഇവിടെ 800ലധികം ആളുകൾ സ്ഥിരമായി എത്താറുണ്ടെന്ന് പ്രസിഡന്റ് പ്രേമ പറഞ്ഞു.

പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ ഏഴ് അംഗ സമിതിയാണ് കാര്യങ്ങൾ ചെയ്യുന്നത്. സ്പെഷ്യൽ ഐറ്റങ്ങളായ മീൻ വറുത്തത്, ചിക്കൻ കറി, ഓംലറ്റ് എന്നിവയ്ക് സാധാരണ ഹോട്ടലുകളിൽ ഈടാക്കുന്നതിന്റെ പകുതി മാത്രമാണ് ഇവിടെ വില. ഇത്രയും കാലത്തിനിടയ്ക്ക് ഭക്ഷണത്തെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ജനങ്ങളിൽ നിന്ന് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും സെക്രട്ടറി ശാന്ത പറഞ്ഞു. കാലത്ത് വീട്ടിൽ നിന്നിറങ്ങുന്നതിനാൽ വീട്ടുജോലിയിൽ കുടുംബത്തിന്റെ സഹകരണം ലഭിക്കുന്നതായും ജീവനക്കാർ പറഞ്ഞു. കുടുംബശ്രീയുടെ മറ്റ് പല സംരംഭങ്ങളും പാതിവഴിയിൽ നിലയ്ക്കുകയോ ജീവനക്കാർ കൊഴിഞ്ഞു പോകുകയോ ചെയ്യുമ്പോൾ ഹോട്ടൽ മേഖലയിൽ അതൊന്നും സംഭവിക്കുന്നിലെന്ന് അവർ പറഞ്ഞു. ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ ബസ് കണ്ടക്ടർ ബാബു പറയുന്നത് വീട്ടിലെ ഭക്ഷണത്തിന്റെ രുചിയാണ് ഇവിടുത്തെ ഊണിനെന്നാണ്. ഹോട്ടൽ തുടങ്ങിയ കാലം മുതൽ ബാബു ഇവിടെ നിന്ന് പാർസൽ വാങ്ങി ബസിലിരുന്നാണ് കഴിക്കുന്നത്. മൂന്ന് ജനകീയ ഹോട്ടലുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും നാലാമതൊന്ന് കൂടി നഗര ഹൃദയത്തിൽ തുടങ്ങുമെന്നും നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. സ്ത്രീ ശക്തീകരണത്തിന്റെ പുതു ചരിത്രവുമായി മുന്നേറുകയാണ് ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാർ.