fg

വർക്കല: ശക്തമായി തുടരുന്ന മഴയിൽ വർക്കല മേഖലയിൽ വ്യാപകമായ നാശം

നിരവധി വീടുകളിൽ വെള്ളംകയറുകയും ചുറ്റുമതിലുകൾ തകരുകയും ചെയ്തു.

വർക്കല ശിവഗിരി പന്തുകളം കനാൽ പുറമ്പോക്ക് റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വീടുകൾ അപകടാവസ്ഥയിലായ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന സരസ്വതി, തുളസി, സുശീല, ഹേമ, സിന്ധു, മഞ്ജു ഹർഷകുമാർ, സുഭദ്ര, ബേബി എന്നിവരുടെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ചെറുന്നിയൂരിൽ തെങ്ങുവീണ് സ്വകാര്യ വ്യക്തിയുടെ മതിൽ തകർന്നു. വെട്ടൂർ ഗ്രാമപഞ്ചായത്തിലെ റാത്തിക്കൽ പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 16 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. റാത്തിക്കൽ പള്ളിയുടെ മുൻവശത്തെ റോഡ് ഇടിഞ്ഞുതാഴ്ന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.വർക്കല ശിവഗിരി തുരപ്പിന് സമീപത്തുനിന്ന് ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് പോകുന്ന റോഡിന് സമീപമുള്ള സുൾഫിക്കറിന്റെ വീടിന്റെ ചുറ്റുമതിലും മഴവെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് തകർന്നു. പരിസരത്തുള്ള മറ്റ് വീടുകളുടെ മതിലും തകർന്നു. പ്രദേശത്ത് ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

മതിൽ തകർന്നുവീണ് കേരളകൗമുദി വിതരണക്കാരന് പരിക്ക്

ശക്തമായ മഴയിൽ ശിവഗിരി എസ്.എൻ കോളേജിന്റെ മതിൽ തകർന്നുവീണ് കേരളകൗമുദി വിതരണക്കാരനായ ശ്രീനിവാസപുരം രാധാമന്ദിരത്തിൽ ആർ. രാകേഷിന് (28)ന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറുമണിയോടെ ബൈക്കിൽ പത്രവിതരണത്തിനായി പോകുന്നതിനിടെയാണ് 12 അടിയോളം ഉയരമുള്ള മതിൽ രാകേഷിന്റെ മുകളിലേക്ക് തകർന്ന് വീണത്. ഏറെനേരം അബോധാവസ്ഥയിൽ കിടന്ന രാകേഷിനെ സമീപത്തെ ഗ്യാസ് ഗോഡൗണിലെ ജീവനക്കാർ എത്തിയാണ് രക്ഷിച്ചത്. രാകേഷിന്റെ കൈകാലുകൾക്ക് പൊട്ടലുണ്ട്. മുൻവശത്തെ രണ്ടു പല്ലുകളും തകർന്നു. ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. രാകേഷിനെ വർക്കല ശിവഗിരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളക്കെട്ടും രൂക്ഷം

കുരയ്ക്കണ്ണി വിളകുളം സബ്സ്റ്റേഷന്റെ മുൻവശത്ത് വെള്ളക്കെട്ട് രൂപംകൊണ്ടത് ഫയർഫോഴ്സ് എത്തിയാണ് പമ്പ് ചെയ്ത് നീക്കിയത്.

വർക്കല തിരുവമ്പാടി മേഖലയിലുള്ള ഇടറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെട്ടൂർ റാത്തിക്കൽ, അരിവാളം, ചിലക്കൂർ, തൊട്ടിപ്പാലം, എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് വെള്ളം കയറി.

ഇടവ, ഇലകമൺ, ചെമ്മരുതി, ചെറുന്നിയൂർ എന്നിവിടങ്ങളിലെ നെൽപ്പാടങ്ങളിൽ വെള്ളംകയറി കൃഷിനാശവും ഉണ്ടായി.വർക്കല നഗരസഭയിലെ പതിനാലാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലും വെള്ളം കയറി. വർക്കല തീരമേഖലയിൽ കടൽക്ഷോഭവും രൂക്ഷമാണ്.

കൺട്രോൾ റൂം സജ്ജമാക്കി

വർക്കല വെട്ടൂർ മേഖലയിലും വ്യാപകമായ നാശനഷ്ടമുണ്ടായി. വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. കോൺക്രീറ്റ് റോഡുകളും തകർന്നു.

ടി.എസ് കനാലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റാത്തിക്കൽ വലിയ പള്ളിയുടെ മുൻവശത്തെ റോഡ് പൂർണമായും തകർന്നു. റാത്തിക്കൽ വലിയ പള്ളിയും അപകടഭീഷണിയിലാണ്. വി. ജോയി എം.എൽ.എ,​ റവന്യൂ അധികൃതർ തുടങ്ങിയവർ മഴക്കെടുതിയുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. അടിയന്തര സാഹചര്യം നേരിടാൻ വർക്കല താലൂക്കിൽ കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: -04702613222.