നെയ്യാറ്റിൻകര: ലോകായുക്ത വിധി ലംഘിച്ച് നെയ്യാറ്റിൻകര കോടതി-പാലക്കടവ് റോഡ് വഴി കടന്നുപോയ ഭാരം കയറ്റിയ വാഹനങ്ങളെ രാമേശ്വരം-പാലക്കടവ് ക്രോസ് വേയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ തടഞ്ഞു. അമിതഭാരമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നത് കാരണം കോടതി റോഡ് മുതൽ പാലക്കടവ്-രാമേശ്വരം-കണ്ണംകുഴി വരെയുളള റോഡ് പൊട്ടിപ്പൊളിയുകയും പൈപ്പ് ലൈനുകൾ പൊട്ടി ജലവിതരണം അടിക്കടി തടസപ്പെടുകയും ചെയ്തിരുന്നു. പാലക്കടവ് പാലത്തിനും ഇത് ബലക്ഷയമുണ്ടാക്കുന്നുണ്ട്.
ഇത് കണക്കിലെടുത്താണ് റോഡിലൂടെ ഭാരംകയറ്റിയ വാഹനങ്ങളുടെ യാത്ര ലോകായുക്ത നിരോധിച്ചത്. എന്നാൽ ഇപ്പോഴും നിരവധി ചരക്ക് വാഹനങ്ങളാണ് ഇടതടവില്ലാതെ പാതയിലൂടെ കടന്നുപോകുന്നത്.
ഇതുകാരണമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അമിതഭാരം കയറ്റി വന്ന പത്തോളം വാഹനങ്ങളെ ബി.ജെ.പി രാമേശ്വരം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞിട്ടത്. പിന്നീട് പോലീസെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ബി.ജെ.പി- യുവമോർച്ച നേതാക്കളായ രാമേശ്വരം ഹരി, സാജൻ.എസ്.വി, അജികുമാർ, ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.