ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം മേൽക്കൂര തകർന്ന ആലംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറ്റകുറ്റപ്പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിക്കാൻ ഒ.എസ്. അംബിക നി‌ർദ്ദേശം നൽകി. ഫയർഫോഴ്സ് സംഘവുമായി എത്തിയ എം.എൽ.എ കേടുപാടുകൾ നേരിട്ടുകണ്ട് മനസിലാക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കരാറുകാരനെ ചുമതലപ്പെടുത്തി ഒരാഴ്ചക്കകം കേടുപാടുകൾ പരിഹരിക്കുവാനും തീരുമാനമായി. തത്കാലം മറ്റു കെട്ടിടങ്ങളിൽ കുട്ടികളെ ഇരുത്തി പഠനം നടത്താനും എം.എൽ.എ നിർദ്ദേശം നൽകി. പഴയ കെട്ടിടം അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ഫിറ്റ്നസ് ലഭിച്ച ശേഷം ഉപയോഗിച്ചാൽ മതിയെന്നും രക്ഷിതാക്കൾക്ക് യാതൊരു ആശങ്ക വേണ്ടന്നും സർക്കാർ ഒപ്പം ഉണ്ടെന്നും എം.എൽ.എ ഉറപ്പുനൽകി.