വർക്കല : പാപനാശം തിരുവമ്പാടി ബീച്ച് റോഡിൽ കാർ നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മൂന്ന് പേരിൽ ഒരാൾ മരിച്ചു. ഇടവ
തെക്കേത്തൊടി വീട്ടിൽ ആരിഫ് - സബീന ദമ്പതികളുടെ മകൻ നബീൽഷാ (25)ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. നബീൽഷായുടെ ഒപ്പമുണ്ടായിരുന്ന ഇടവ ജനതാമുക്ക്
ഗോമതി മന്ദിരത്തിൽ ശ്രീമോൻ (21), മാവേലിക്കര ജസൻ വില്ലയിൽ ജസൻ (22) എന്നിവർ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയോടെ വിനോദസഞ്ചാരത്തിനായി വർക്കല ഹെലിപ്പാഡിൽ എത്തിയ അഞ്ച് യുവാക്കളെ മരണമടഞ്ഞ നബീൽഷാ പരിചയപ്പെടുകയും ഇവർക്ക് രാത്രിയിൽ തങ്ങുന്നതിനായി മുറി നൽകാമെന്ന് പറയുകയുമായിരുന്നു. തുടർന്ന് പരിചയപ്പെട്ട യുവാക്കളിൽ ഒരാളായ ജസലിനെയും കൂട്ടി യുവാക്കൾ എത്തിയ സ്വിഫ്റ്റ് വാഹനവുമായി ശ്രീമോനൊപ്പം കാർ നബീൽഷാ ഓടിച്ച് വരികയായിരുന്നു. തിരുവമ്പാടി ബ്യൂറോ ജംഗ്ഷനിൽ എത്തിയ വാഹനം നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.
ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ജസലിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വിദഗ്ധചികിത്സയ്ക്കായി എസ്. പി. പോർട്ട് ആശുപത്രിയിലേക്ക് മാറ്റി.ശ്രീമോന്റെ നില ഗുരുതരമായി തുടരുകയാണ്. പാപനാശത്ത് വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളിൽ മാവേലിക്കര സ്വദേശികളായ രണ്ടുപേർ ബി.ബി എ. വിദ്യാർത്ഥികളാണ്. മൂന്നുപേർ മർച്ചന്റ് നേവിയിൽ പരിശീലനം കഴിഞ്ഞ് ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ്.