vld-1

വെള്ളറട: ശക്തമായ മഴ തുടരുകയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ മലയിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന ഒറ്റശേഖരംഗലം ഗ്രാമപഞ്ചായത്തിലെ വാഴിച്ചലിലും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുരിശുമല അടിവാരത്തും നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് ഉരുൾപൊട്ടലിൽ വൻനാശനഷ്ടമുണ്ടായ

അമ്പൂരി കുരിശുമല അടിവാരത്തെ താമസക്കാരെയാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. വാഴിച്ചലിൽ 23 കുടുംബങ്ങളിലെ 65 പേരെയാണ് വാഴിച്ചൽ ഓക്സിലിയം സ്കൂളിലെ ക്യാമ്പിലേക്കും മാറ്റിയത്.

വാഴിച്ചലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയോട് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകിയെങ്കിലും ഇവർ തയ്യാറാകാത്തതിനാൽ പൊലീസും ഫയർഫോഴ്സും ഇടപെട്ടാണ് ക്യാമ്പിലെത്തിച്ചത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ,​ ഡെപ്യൂട്ടി കളക്ടർ എസ്.എൽ. സജികുമാർ,​ കാട്ടാക്കട തഹസീൽദാർ സജി എസ്. കുമാർ,​ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ,​ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം,​ അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു,​ പൊലീസ് ഉദ്യോഗസ്ഥർ,​ റവന്യു അധികൃതർ, ഫയർഫോഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അപകട മേഖലകൾ സന്ദർശിച്ച് ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.

ഇന്ന് രാത്രിയോടുകൂടി കൂടുതൽ പേർ ക്യാമ്പുകളിൽ എത്തുമെന്നാണ് അറിയുന്നത്. ഏതാനും പേർ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്.