photo

നെടുമങ്ങാട്:കമുക് കൃഷി തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി ആനാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന 'കുളളൻ അടയ്ക്ക' പ്രദർശന വിപണനം ശ്രദ്ധേയമാവുന്നു.കമുക് കൃഷി പരിചയപ്പെടാൻ കാർഷിക കോളേജിൽ നിന്നെത്തിയ അഞ്ചംഗ ബിരുദ വിദ്യാർത്ഥി സംഘവും കർഷകർക്കൊപ്പം കൂടിയതോടെ അടയ്ക്കാ പ്രദർശനം വേറിട്ട അനുഭവമാകുകയാണ്.ആനാട് കൃഷി ഓഫീസർ എസ്.ജയകുമാറിന്റ നേതൃത്വത്തിൽ ഇക്കോഷോപ്പ് ടീം കർഷകരാണ് അടയ്ക്കാതൈ വിപണന ചന്ത ഒരുക്കിയത്.ഇന്റർസെ മംഗള എന്ന രണ്ടര വർഷം കൊണ്ട് കായ്ക്കുന്നതും പ്രതിവർഷം 15 മുതൽ 20 കി.ഗ്രാം വരെ വിളവ് വരുന്നതുമായ ഇനം കവുങ്ങ് ആനാട്ടെ പണപ്പുരയിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യാൻ കർഷകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് ജി.അനിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ ആദ്യ വില്പന നടത്തി.പുരയിട കർഷകൻ സുരേന്ദ്രൻ നായർ തൈ ഏറ്റുവാങ്ങി. 3 ന് കേരളപ്പിറവി ദിന സന്ദേശം നൽകി പ്രദർശന വിപണനമേള സമാപിക്കും.