ബാലരാമപുരം : കൊവിഡിന് ശേഷം പ്രവേശനോത്സവദിനത്തിൽ തിരികെ സ്കൂളിലെത്തുന്ന നവാഗതരായ കുട്ടികളെ മാസ്കും മധുരവും നൽകി വരവേൽക്കാൻ നേമം ഗവ.യു.പി.എസിൽ ഒരുക്കങ്ങൾ പൂർത്തിയായി. ബയോബബിൾ മാതൃകയിലായിരിക്കും ക്ലാസുകൾ. സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ ഒരുക്കി. കുട്ടികളുടെ അക്കാഡമിക് മുന്നേറ്റം ലക്ഷ്യമാക്കി പ്രത്യേകം മാസ്റ്റർ പ്ലാനും കലണ്ടറും തയാറാക്കും. സ്കൂളിലെത്താത്ത കുട്ടികൾക്ക് പഠനത്തിന് ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തുമെന്ന് പ്രഥമാദ്ധ്യാപകൻ എ.എസ്. മൻസൂർ പറഞ്ഞു. സാമൂഹിക അകലം പാലിച്ച് ഒരാഴ്ച നീളുന്ന പ്രവേശനോത്സവമാണ് സംഘടിപ്പിക്കുന്നത്. കൊടിതോരണങ്ങളും വർണബലൂണുകളും കെട്ടി സ്കൂൾ പരിസരം ആകർഷകമാക്കിയായിരിക്കും കുട്ടികൾക്ക് വരവേല്പ് നൽകുന്നത്. നവംബർ ഒന്നിന് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണയും നവംബർ മൂന്നിന് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലികയും നവംബർ അഞ്ചിന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജയും നവാഗതരെ വരവേല്ക്കും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.വിവിധ വിദ്യാർത്ഥി സംഘടന പ്രവർത്തകർ കഴിഞ്ഞ ദിവസം സ്കൂളും പരിസരവും വൃത്തിയാക്കി. നേതാക്കളായ ഡി എസ് നിഥിൻ രാജ്, എൻ.എസ്. നവനീത് കുമാർ എന്നിവർ നേതൃത്വം നൽകി.സ്കൂളും പരിസരവും മോടിയാക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.