തിരുവനന്തപുരം: ഈഞ്ചയ്‌ക്കൽ ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കായി ഓവർബ്രിഡ്‌ജോ അണ്ടർപാസോ നിർമ്മിക്കണമെന്ന ആവശ്യം പരിശോധിച്ച് ദേശീയപാതാ അതോറിട്ടി പ്രോജക്ട് ഡയറക്ടർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

കിഴക്കേക്കോട്ട - പടിഞ്ഞാറേക്കോട്ട റോഡ്, ബീമാപ്പള്ളി - വള്ളക്കടവ് റോഡ്, കോവളം – അമ്പലത്തറ ബൈപ്പാസ് റോഡ്, കഴക്കൂട്ടം – ചാക്ക ബൈപ്പാസ് എന്നീ റോഡുകളാണ് സംഗമിക്കുന്ന ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ അപകടങ്ങൾ പതിവാണ്.

അടിയന്തരമായി ആശുപത്രിയിലെത്തേണ്ട രോഗികൾ പോലും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നതാണ് സ്ഥിതി. വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയായാൽ ഗതാഗതം കൂടുതൽ രൂക്ഷമാകുമെന്നും മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.