തിരുവനന്തപുരം:സ്‌കൂളിലേക്കുള്ള ബോണ്ട് സർവീസുകളുടെ നിരക്ക് കെ.എസ്.ആർ.ടി.സി വെട്ടിക്കുറച്ചു. കുട്ടികളുടെ സർവീസിന്റെ മിനിമം തുകയായ 7,500രൂപ 5,500 ആയി കുറച്ചു. ഈ തുകയ്ക്ക് 100 കിലോമീറ്റർ വരെ സർവീസ് നടത്തും. 26% ആണ് കുറഞ്ഞത്.
കുട്ടികളിൽ നിന്ന് കൊള്ള നിരക്ക് ഈടാക്കാനുള്ള പദ്ധതിയെ കുറിച്ച് 27ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നിരക്ക് കുറയ്ക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ബാക്കി എല്ലാ ദൂരത്തിന്റേയും നിരക്ക് സ്‌കൂൾ ബസ് നിരക്കിന് താഴെ ആകണമെന്നും നിർദ്ദേശിച്ചെന്ന് മന്ത്രി 'കേരളകൗമുദി'യോടു പറഞ്ഞു.
സർക്കാർ ഓഫീസുകൾക്കുള്ള ബോണ്ട് സർവീസിന്റെ നിരക്ക് സ്കൂൾ കുട്ടികളിൽ നിന്ന് ഈടാക്കാനുള്ള നീക്കം കേരളകൗമുദി ചൂണ്ടിക്കാട്ടിയതോടെ പ്രതിഷേധം ഉയർന്നിരുന്നു.
കൺസെഷൻ ടിക്കറ്റും തരും
ബോണ്ട് സർവീസിനൊപ്പം സ്‌കൂൾ സമയം കണക്കാക്കി വിവിധ സ്‌കൂളുകൾക്ക് സമീപത്തു കൂടി കടന്നു പോകുന്ന വിധത്തിൽ ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി ക്രമീകരിക്കും. കൺസഷൻ ടിക്കറ്റുകൾക്കായി ഡിപ്പോകളിൽ കൗണ്ടറുകൾ തുറന്നിട്ടുണ്ട്. സാധാരണ ടിക്കറ്റ് നിരക്കിന്റെ 17- 20 % മാത്രമാണ് കൺസഷൻ ടിക്കറ്റിന്.
ആ ഇരട്ടത്താപ്പും പിൻവലിച്ചു
സ്‌കൂൾ ബസുകളിൽ പകുതി സീറ്റിൽ മാത്രം വിദ്യാർത്ഥികളെ ഇരുത്തിക്കൊണ്ടു പോയാൽ മതിയെന്ന നിബന്ധനയും പിൻവലിച്ചു. എല്ലാ സീറ്റുകളിലും കുട്ടികളെ ഇരുത്തിക്കൊണ്ടു പോകാൻ അനുവാദം ഉണ്ട്. സാധാരണ ബസിൽ 50 കുട്ടികൾക്ക് വരെ ഇരുന്ന് സഞ്ചരിക്കാം. കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ സീറ്റിലും വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിക്കുകയും സ്കൂൾ ബസുകളിൽ അത് അനുവദിക്കാതിരിക്കുകയും ചെയ്തതിൽ സ്കൂൾ മാനേജ്മെന്റുകൾ പ്രതിഷേധം അറിയിച്ചിരുന്നു. പകുതി കുട്ടികളെ വച്ചെങ്കിൽ വൻ സാമ്പത്തിക ബാദ്ധ്യതയാകുമെന്നാണ് മാനേജ്മെന്റ് പറഞ്ഞത്. ഇതോടെ സ്കൂൾ ബസുകൾ നിരത്തിലിറക്കാനുള്ള ആശങ്കയും മാറി.