photo

നെടുമങ്ങാട്: കനത്തമഴയിൽ കരിങ്കൽക്കെട്ട് ഇടിഞ്ഞ് വീടും സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളും പൂർണമായി നശിച്ചു. തെക്കനാലപുറം സിനി ഭവനിൽ മണികണ്ഠനാശാരിയുടെ വീടാണ് തകർന്നത്. മണികണ്ഠൻ ആശാരിയുടെയും അയൽവാസിയുടെയും ബൈക്കുകളാണ് നശിച്ചത്. മണികണ്ഠൻ ആശാരിയും ഭാര്യ സിമിയും മക്കളായ കരുൺ, ഗാഥ എന്നിവരും വീട്ടിൽ ഉള്ളപ്പോഴാണ് അപകടം. ചുമരുകളും ജനാലകളും തകർന്നു നിലംപൊത്തി. ശബ്ദംകേട്ട ഉടൻ കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടി മാറുകയായിരുന്നു. വീട്ടുപകരണങ്ങൾ മണ്ണിനടിയിലായി. വാഹനാപകടത്തിൽ പെട്ട് ഒന്നരവർഷമായി ചികിത്സയിൽ കഴിയുകയാണ് മണികണ്ഠൻ. നിർദ്ധന കുടുംബത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ആവശ്യപ്പെട്ടു. പ്രസിഡന്റും വാർഡ് മെമ്പറും വില്ലേജ് ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.