പാറശാല: നിർമ്മാണത്തിനിടെ കഴക്കൂട്ടം- കാരോട് ബൈപാസ് റോഡിന്റെ പാർശ്വഭിത്തി തകർന്ന് പ്രാദേശിക റോഡിലേക്ക് പതിച്ചു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന ഭാഗമായ കാരോട് പഞ്ചായത്തിലെ ചെങ്കവിളയിലാണ് സിമന്റ് ബ്ലോക്കുകൾ ഉപയോഗിച്ച് 50 അടിയോളം ഉയരത്തിൽ നിർമ്മിച്ചിരുന്ന പാർശ്വഭിത്തി നിലംപതിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കനത്തമഴയിലാണ് സംഭവം. ഈ ഭാഗത്ത് നേരത്തെയും മഴയിൽ പാർശ്വഭിത്തി തകർന്ന സംഭവം ഉണ്ടായിട്ടുണ്ട്.
വയലേലകൾക്കിടയിലൂടെ നിർമ്മിക്കുന്ന റോഡിൽ അൻപത് അടിയോളം ഉയരത്തിൽ മണ്ണിട്ട് നികത്തിയ ശേഷമാണ് കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് പാർശ്വഭിത്തി നിർമ്മിച്ചിട്ടുള്ളത്. നിർമ്മാണത്തിലെ തകരാറുകളാണ് അടിക്കടിയുണ്ടാകുന്ന തകർച്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ ഭാഗത്ത് കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ച് പാർശ്വഭിത്തി ബലപ്പെടുത്താത്ത പക്ഷം സമാന്തരമായുള്ള പ്രാദേശിക റോഡിലെ ഗതാഗതം ഭീഷണിയുടെ നടുവിലാകും. കെ.ആൻസലൻ എം.എൽ.എയും പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിനും സംഭവസ്ഥലം സന്ദർശിച്ചു.