കാട്ടാക്കട: കാട്ടാക്കട കുളത്തുമ്മൽ ഗവ.എൽ.പി സ്‌കൂളിന് മുന്നിലെ അപകടാവസ്ഥയിലുള്ള തേക്കുമരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
മൂട് ദ്രവിച്ച് കനത്ത മഴയിൽ മണ്ണിളകി നിൽക്കുന്ന മരം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. സ്കൂളിനും സമീപത്തെ ജനത്തിരക്കേറിയ മാർക്കറ്റ് റോഡിനും മരം ഒരുപോലെ ഭീഷണി ഉയർത്തുകയാണ്. ജംഗ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാൻഡും ഇതിന് സമീപത്താണെന്നുള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നു.
സ്‌കൂൾ പൂട്ടുന്നതിന് മാസങ്ങൾക്ക് മുമ്പ് സ്‌കൂളിലെ പ്രധാന വാതിലിനോട് ചേർന്നുനിന്ന മരം ഒടിഞ്ഞ് വീണിരുന്നു. തലനാരിഴയ്ക്കാണ് അന്ന് കുട്ടികൾ രക്ഷപ്പെട്ടത്. വീണ്ടും സ്‌കൂൾ തുറക്കാനിരിക്കെ അപകട ഭീഷണിയിലായ ഈ മരവും സ്‌കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള മറ്റ് മരങ്ങളുടെ ശിഖരങ്ങളും മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.