വിഴിഞ്ഞം: കോവളം കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യ പാസ് എടുത്തവർക്കും പുതുക്കാനെത്തിയവർക്കും ഫാസ്റ്റ് ടാഗ് എടുക്കണമെന്ന് അധികൃതരുടെ നിർദ്ദേശം വിവാദമായി. സംഭവമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ടോൾ ബൂത്ത് ഉപരോധിച്ചതോടെ അധികൃതർ നിർദ്ദേശം പിൻവലിച്ചു. അതിനിടെ സൗജന്യ പാസ് വാങ്ങാനുള്ള സമയം ഇന്നലെ അവസാനിച്ചു.
മൂന്നു മാസക്കാലാവധിയാണ് ടോൾ പിരിവ് ഏജൻസിക്ക് ദേശീയപാതാ അതോറിട്ടി നൽകിയിട്ടുള്ളത്. സൗജന്യ യാത്രാപാസിനൊപ്പം ഫാസ്റ്റ് ടാഗ് എടുക്കുന്നതോടെ സൗജന്യമെന്നത് വെറും വാക്കായി മാറും. 300 രൂപ മുതൽ 500 രൂപ വരെയാണ് ഫാസ്റ്റ് ടാഗിനായി നൽകേണ്ടി വരുന്നതെന്ന് സമരക്കാർ പറഞ്ഞു. രണ്ടു മാസത്തിനു ശേഷം വീണ്ടും ഇതു റീചാർജ് ചെയ്യണം. നേരത്തെ ടോൾ പിരിവിനെതിരെ വിവിധ കക്ഷികളുടെ നേതൃത്വത്തിൽ 41 ദിവസം നീണ്ട സമരം സമരം സർവകക്ഷി ചർച്ചയിലാണ് ഒത്തുതീർന്നത്.