തിരുവനന്തപുരം: സ്കൂൾ തുറപ്പിനോടനുബന്ധിച്ച് നഗരത്തിലെ സ്‌കൂൾ പരിസരങ്ങളിലും വിവിധ സ്ഥലങ്ങളിലുമുള്ള കടകളിലും സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവും അനധികൃതമായി കച്ചവടം നടത്തിയ വിദേശ നിർമ്മിത സിഗരറ്റുകളും പിടികൂടി. നികുതി വെട്ടിപ്പ് നടത്തി കച്ചവടം നടത്തുകയായിരുന്ന വിദേശ നിർമിത സിഗരറ്റുകളുടെ വൻ ശേഖരമാണ് പിടിച്ചെടുത്തത്. ഇവ ജി.എസ്.ടി വകുപ്പിന് കൈമാറും.
ഡെപ്യൂട്ടി കമ്മിഷണർ ഡോ. വൈഭവ് സക്‌സേനയുടെ നിർദ്ദേശപ്രകാരം വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡുകൾക്കു എസ്.എച്ച്.ഒമാർ നേതൃത്വം നൽകി. കന്റോൺമെന്റ്, തിരുവല്ലം, കോവളം, മെഡിക്കൽ കോളേജ്, എന്നീ സ്റ്റേഷൻ പരിധികളിൽ നിന്നാണ് പതിനായിരക്കണക്കിനു രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കന്റോൺമെന്റ് , മ്യൂസിയം, പൂജപ്പുര, വട്ടിയൂർക്കാവ്, ഫോർട്ട്, കരമന, തിരുവല്ലം, കോവളം, മെഡിക്കൽകോളേജ് എന്നീ സ്റ്റേഷൻ പരിധികളിലെ കടകളിൽ നിന്നും വിൽപ്പന നിരോധിച്ചിട്ടുള്ള വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു.
കട ഉടമകൾക്കെതിരെ കോട്പ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സിറ്റി നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി അറിയിച്ചു.