തിരുവനന്തപുരം: കഴക്കൂട്ടം തുമ്പയിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ പള്ളിത്തുറ പുതുവൽ പുരയിടത്തിൽ അലക്സാണ്ടർ പീറ്റർ (34) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. നാലംഗ സംഘമാണ് തുമ്പയിൽ എൻജിൻ വള്ളത്തിൽ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയത്. അലക്സാണ്ടർ എൻജിന് അടുത്തിരിക്കേയാണ് ശക്തമായ ഇടിമിന്നലേറ്റത്. ഒപ്പമുണ്ടായിരുന്നവർ കരയ്ക്കെത്തിച്ച് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശിയായ അലക്സാണ്ടർ കഴിഞ്ഞ രണ്ടു വർഷമായി തുമ്പയിലുള്ള സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. അവിവാഹിതനാണ്.