തിരുവനന്തപുരം: മഹിളാപ്രഥാൻ ഏജന്റായ വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പോത്തൻകോട് പൊലീസ് സംരക്ഷിക്കുന്നതായി റൂറൽ എസ്.പിക്ക് പരാതി.

പോത്തൻകോട് വേങ്ങോട് തോപ്പുവിള ദാറുൽഹിദായത്തിൽ സുലൈഖാബീവിയാണ് പരാതി നൽകിയത്. സെപ്തംബർ 14ന് വൈകിട്ടായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.

സുലൈഖാബീവിയും അയൽവാസിയും തമ്മിൽ വർഷങ്ങളായി അതിർത്തി തർക്കം നിലനിന്നിരുന്നു. അതിരിനോട് ചേർന്ന് നട്ടിരുന്ന സുലേഖാബീവിയുടെ വാഴകൾ സംഭവദിവസം അയൽവാസി വെട്ടിമുറിച്ചു. തടയാൻ ശ്രമിച്ച തന്നെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്നാണ് സുലേഖ പോത്തൻകോട് പൊലീസിന് പരാതി നൽകിയത്.

എന്നാൽ മൊഴിനൽകാൻ സ്റ്റേഷനിലെത്തിയ തന്നെ പൊലീസ് ഉദ്യോഗസ്ഥർ വ്യാജ പരാതിയെന്ന പേരിൽ അക്ഷേപിക്കുകയും പോസ്റ്റോഫീസിലെ പണം തട്ടിയെടുത്തെന്ന കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

വ്യക്തിവിരോധം തീർക്കാനായി വ്യാജ പരാതിയാണ് വീട്ടമ്മ നൽകിയതെന്നും മൊഴി നൽകാനായി എത്തിച്ചത് വ്യാജസാക്ഷികളെ ആണെന്ന് ബോദ്ധ്യപ്പെട്ടതായും, പരാതിയിൽ പറയുന്ന സംഭവം നടന്നിട്ടില്ലെന്നുമാണ് പോത്തൻകോട് പൊലീസ് പറയുന്നത്. വ്യാജപരാതി നൽകി നിരപരാധിയെ കേസിൽപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മയ്‌ക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകിയതായും പൊലീസ് അറിയിച്ചു.