kovalam

കോവളം : അമ്പലത്തറ- കുമരിച്ചന്ത ബൈപാസ് റോഡിൽ കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. ഇൗഞ്ചയ്ക്കൽ ഭാഗത്തു നിന്ന് കോവളത്തേക്ക് വരികയായിരുന്ന ടാറ്റാ അൽട്രോസ് കാർ കുമരിച്ചന്ത ജംഗ്ഷനിലെ സിഗ്നൽ മുറിച്ചുകടക്കവേ അമ്പലത്തറ ഭാഗത്തു നിന്ന് പൂന്തുറയിലേക്ക് പോകാൻ ബൈപാസ് റോഡ് ക്രോസ് ചെയ്ത ബൈക്കിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്ത മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണു. കാർ റോഡിന്റെ മദ്ധ്യഭാഗത്തുള്ള ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻ ചക്രം തെറിച്ചുപോയി. ബൈക്ക് പൂർണമായും തകർന്നു. പരിക്കേറ്റ മൂന്നുപേരെയും ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ പാറശാല പരശുവയ്ക്കൽ സ്വദേശി പ്രദീപ് ലാലിനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു.