photo1

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറക്കാണി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഏകദേശം 740 കുട്ടികളാണ് പഠിക്കുന്നത്. ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ മുൻവശത്ത് ഉണ്ടായിരുന്നു ചുറ്റുമതിൽ പൊളിച്ചു മാറ്റിയിട്ട് ഏകദേശം രണ്ട് വർഷത്തോളമായി. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മടത്തറ ഏറെ വാഹന തിരക്കുള്ള ജംഗ്ഷൻ ആണ്. മടത്തറ ജംഗ്ഷനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശത്ത് ചുറ്റുമതിൽ ഇല്ലാതെ ക്ലാസുകൾ ആരംഭിക്കുന്നത് കുട്ടികൾക്ക് അപകടങ്ങൾ വരുത്തി വയ്ക്കുമോ എന്ന ആശങ്കയിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും. വിദ്യാർത്ഥികളുടെ സുരക്ഷക്കായുള്ള അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.