വക്കം: വക്കം ഗവൺമെന്റ് ഹൈസ്കൂളിൽ മുടങ്ങിയ ശൂചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗ്രാമ പഞ്ചായത്ത്. ഇവിടെ പാതി വഴിയിൽ ശുചീകരണം ഉപേക്ഷിച്ചെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ അടിയന്തര ശൂചികരണം നടത്തിയത്. കഴിഞ്ഞ 20 മാസക്കാലം തുടർച്ചയായി സി.എഫ്.എൽ.ടി.സിയായും, പിന്നീട് ഡി.സി.സിയായും പ്രവർത്തിച്ചിരുന്ന സ്കൂളിൽ രോഗികളുടെ പരിചരണം മാത്രമേ നടന്നിരുന്നുള്ളൂ. ശുചീകരണം നടത്താൻ കഴിയാതിരുന്ന സാഹചര്യമായ തിനാൽ സ്കൂൾ പരിസരം കാടുകൾ കൊണ്ട് നിറഞ്ഞു. വീണ്ടും സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെയാണ് സ്കൂൾ വൃത്തിയാക്കിയത്. കാട് വെട്ടിത്തെളിച്ചെങ്കിലും അവശിഷ്ടങ്ങൾ സ്കൂൾ പരിസരത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ ശൂചീകരണം പൂർത്തിയാക്കാൻ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുയായിരുന്നു. രാവിലെ ജെ.സി ബി കൊണ്ട് സ്കൂൾ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന പാഴ് വസ്തുക്കൾ നീക്കം ചെയ്യ്തു. കൊവിഡ് രോഗികൾ ഉപയോഗിച്ചിരുന്ന മാസ്ക്കും, കൈയ്യുറകളും വസ്ത്രങ്ങളും കൊണ്ടിട്ടിരുന്ന കുഴിയും മൂടി.