പുലിമുരുകനുശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം നവം. 10ന് ആരംഭിക്കും
മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഇന്ന് ദുബായിലേക്ക് പോകും. സ്വകാര്യ സന്ദർശനത്തിനുവേണ്ടി പോകുന്ന മോഹൻലാൽ നവംബർ 10ന് മടങ്ങിയെത്തും. അന്നുരാവിലെ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന വൈശാഖ് ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യും. സൂപ്പർ മെഗാഹിറ്റായ പുലിമുരുകനുശേഷം മോഹൻലാലും വൈശാഖും ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. പുലിമുരുകന് ശേഷം ഇൗ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതേവരെയും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. മോഹൻലാൽ- വൈശാഖ് ചിത്രത്തിലെ മറ്റു താരങ്ങൾ ആരാണെന്ന് ഇതുവരെയും പുറത്തുവിട്ടില്ല. ഷാജി കൈലാസിന്റെ എലോൺ പൂർത്തിയാക്കിയശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.സൂപ്പർ മെഗാഹിറ്റായ പുലിമുരുകന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നതിൽ ആരാധകരും ആവേശത്തിലാണ്. റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ- ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ ആറാട്ടിനും ഉദയകൃഷ്ണയാണ് രചന നിർവഹിക്കുന്നത്. പുലിമുരുകനും ആറാട്ടും പോലെ ഒരു മാസ് എന്റർനെയ്നറായിരിക്കും ഉദയകൃഷ്ണ മോഹൻലാലിനുവേണ്ടി ഒരുക്കുന്നതെന്നാണ് വിവരം.ഫെബ്രുവരിയിലാണ് ആറാട്ട് തിയേറ്ററുകളിൽ എത്തുന്നത്.
നൂറുകോടി ബഡ്‌ജറ്റിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഒ.ടി.ടി റിലീസായി ക്രിസ്മസിന് മരക്കാർ എത്തുമെന്നാണ് സൂചന. ദൃശ്യം 2നുശേഷം ഒ.ടി.ടി പ്ളാറ്റ് ഫോമിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണ് മരക്കാർ. ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ ട്വൽത്ത് മാൻ എന്നിവയാണ് മറ്റു മോഹൻലാൽ ചിത്രങ്ങൾ.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും ജീത്തു ജോസഫിന്റെ റാമുമാണ് ഇനി ചിത്രീകരണം അവശേഷിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. വൈശാഖ് ചിത്രം പൂർത്തിയാക്കിയശേഷം ബറോസിന്റെ തുടർ ചിത്രീകരണം ആരംഭിക്കാനാണ് മോഹൻലാൽ ആലോചിക്കുന്നത്.ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് അടുത്ത വർഷം മോഹൻലാലിനെ കാത്തിരിക്കുന്ന വമ്പൻ പ്രോജക്ട്.
അതേസമയം ഇന്ദ്രജിത്, അന്ന ബെൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് കഴിഞ്ഞദിവസം പൂർത്തിയായി.ഉണ്ണിമുകുന്ദനെ നായകനാക്കി ബ്രൂസിലി എന്ന ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്നുണ്ട്.