തിരുവനന്തപുരം: ജില്ലയിൽ നവംബർ നാല് വരെ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ജില്ലയിൽ നവംമ്പർ നാല് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി എ.ഡി.എം.ഇ മുഹമ്മദ് സഫീർ അറിയിച്ചു. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണം. കൊവിഡ് പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഓറഞ്ച് ബുക്ക് 2021ലൂടെ നിർദ്ദേശിച്ച തയ്യാറെടുപ്പുകൾ പൂർത്തിയാക്കേണ്ടതാണെന്നും ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം അറിയിച്ചു.