ആറ്റിങ്ങൽ: പരിമിതികളിൽ വീർപ്പുമുട്ടുന്ന ആലംകോട് ഗവ. എൽ.പി.എസിന് സുമനസുകളുടെ സഹായഹസ്തം. സ്കൂളിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഫർണിച്ചർ സൗകര്യമൊരുക്കിയത്. കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി ടേബിളും കസേരകളുമാണ് കഴി‌‌ഞ്ഞ ദിവസം എത്തിയത്.

പുതുതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ് റീജാ സത്യനും അദ്ധ്യാപകരും മുൻ എച്ച്.എം സോഫിയയും കൗൺസിലർ നജാമും ചേർന്ന് സ്കൂളിന്റെ വിഷമാവസ്ഥ സൂചിപ്പിച്ച് നാട്ടുകാരോട് സഹായമഭ്യർത്ഥിച്ചിരുന്നു. ഹൈമ ജുവല്ലറി, പേപ്പർമാർട്ട്, അറേബ്യൻ ജുവല്ലറി, അക്ബർ ഷാ, ഇബ്രാഹിം, ഡ്യൂറോ ഫർണിച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് ഫർണിച്ചർ സൗകര്യമൊരുക്കിയത്. പഴയ പ്രതാപം വീണ്ടെടുത്ത് ജില്ലയിലെ മികച്ച സ്കൂളാക്കി ആലംകോട് ഗവ. എൽ.പി.എസിനെ മാറ്റുക എന്നതാണ് അദ്ധ്യാപകരുടെ ലക്ഷ്യമെന്ന് ഹെഡ്മിസ്ട്രസ് റീജ സത്യൻ പറ‍ഞ്ഞു.